ആലുവ: കെ.എസ്.എഫ്.ഇ. ആലുവ ശാഖയിലെ 5.36 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള കെ.എസ്.എഫ്.ഇ. മാനേജർ ആലുവ കീഴ്മാട് സ്വദേശിനി ആമിന മീതിൻകുഞ്ഞ് ഉൾപ്പെടെയുള്ളവർ നിരവധി തവണ ഒത്തുതീർപ്പ് ശ്രമം നടത്തി. തട്ടിയെടുത്ത പണം അടച്ച് ഈടായി വെച്ച ആധാരം റവന്യു റിക്കവറി നടപടികളിൽ പെടാതെ ഒഴിവാക്കി തരാമെന്നറിയിച്ചാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയത്.

പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ഈ ആവശ്യവുമായി നിരവധി തവണ കെ.എസ്.എഫ്.ഇ. ഉദ്യോഗസ്ഥരും ഏജന്റുമെത്തി. പണം അടയ്ക്കുന്നുണ്ടെന്ന് അറിയിക്കുന്നതിനായി ചിട്ടി ബുക്ക് പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ ഒരിക്കൽ പോലും പണമടച്ചുവെന്ന് ബുക്കിൽ രേഖപ്പെടുത്താൻ പ്രതികൾ തയ്യാറായില്ല. പണമടയ്ക്കാതായതോടെ ഈട് നൽകിയ സ്ഥലത്തിന്റെ ആധാരം റവന്യു റിക്കവറി നടപടികളിലേക്ക്‌ എത്തുകയായിരുന്നു.

കേസിൽ നാല് പ്രതികളാണ് പ്രത്യക്ഷത്തിലുള്ളതെങ്കിലും കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. വൻ സാമ്പത്തിക ക്രമക്കേടായതിനാൽ വിശദമായ അന്വേഷണം നടത്തുന്നതിനായി കേസ് വിജിലൻസിന് കൈമാറുമെന്ന് കഴിഞ്ഞ ദിവസം റൂറൽ എസ്.പി. കെ. കാർത്തിക് അറിയിച്ചിരുന്നു. കേസിൽ ചെറായി ശാഖയിൽ മാനേജരായിരുന്ന ആലുവ കീഴ്മാട് സ്വദേശിനി ആമിന മീതിൻകുഞ്ഞിനെ (58) അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തിരുന്നു. ക്ലാർക്ക് ഉണ്ണികൃഷ്ണൻ, ഏജൻസി നടത്തുന്ന മുരളി, ഇയാളുടെ സഹായി എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്.

വൈക്കം പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ആലുവ തോട്ടയ്ക്കാട്ടുകര സ്വദേശിയുടെ മാതാവിന്റെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരമാണ് പ്രതികൾ കൈക്കലാക്കിയത്. വായ്പയ്ക്കു വേണ്ടി നൽകിയ ആധാരം 16 ചിട്ടികൾക്ക് ഈടായി നൽകിയാണ്‌ പണം തട്ടിയത്. ഇത്തരത്തിൽ നിരവധി പേരുടെ ആധാരം കൈക്കലാക്കി വൻ ക്രമക്കേടാണ് നടത്തിയിരുന്നത്. ചിട്ടിയുടെ തിരിച്ചടവ് കഴിയാറായപ്പോഴാണ് 25 ലക്ഷം രൂപയുടെ കുടിശ്ശികയുണ്ടെന്നു പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥന് ജപ്തി നോട്ടീസ് ലഭിച്ചത്. ഇതിനെ ചോദ്യം ചെയ്ത് പോലീസ് ഉദ്യോഗസ്ഥൻ രംഗത്തെത്തിയതോടെയാണ് ആമിനയും മുരളിയും ഒത്തുതീർപ്പ് ശ്രമം നടത്തിയത്.

കഴിഞ്ഞ വർഷം ആലുവ പോലീസ് സ്റ്റേഷനിൽ കെ.എസ്.എഫ്.ഇ. ചിട്ടി തട്ടിപ്പിനെതിരേ കേസ് ഫയൽ നൽകിയിരുന്നെങ്കിലും അന്വേഷണം ഫലപ്രദമായി നടന്നില്ല. തുടർന്ന് പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നത്.

വ്യാജ ഒപ്പിട്ടത് ബേക്കറിക്കാരൻ

കെ.എസ്.എഫ്.ഇ. ചിട്ടി തട്ടിപ്പ് കേസിൽ വായ്പയ്ക്ക് ഈടായി നൽകിയ ആധാരം ഉപയോഗിച്ച് ചിട്ടി വിളിച്ചെടുത്ത സംഭവത്തിൽ വ്യാജ ഒപ്പുകളിട്ടു നൽകിയത് ബേക്കറിയുടമ. ആലുവ തോട്ടയ്ക്കാട്ടുകര സ്വദേശി സക്കറിയയാണ് പരാതിക്കാരനായ പോലീസ് ഉദ്യോഗസ്ഥന്റെ മാതാവിന്റെ പേരിൽ വ്യാജ ഒപ്പുകളിട്ടു നൽകിയത്.

വീടുപണിക്ക് പോലീസുകാരന് പണം ആവശ്യമായി വന്നപ്പോൾ സക്കറിയ മുഖേനയാണ് മുരളി കെ. അസോസിയേറ്റ്‌സിലെ മുരളിയെ പരിചയപ്പെട്ടത്. സക്കറിയ ഇടനിലക്കാരനായി നിന്നാണ് പത്ത് ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നത്. ഇയാൾ നിരവധി പേരുടെ വ്യാജ ഒപ്പുകളിട്ട് വൻ ചിട്ടികൾക്ക് ഈടായി ആധാരങ്ങൾ അനധികൃതമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.

Content Highlights: KSFE chitti fraud: accused  tried for compromise with depositors