കൊട്ടാരക്കര: ട്രാന്‍സ്ഫോമറുകളിലെ ഫ്യൂസ് മോഷണം നടത്തിയിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കിഴക്കേക്കര വട്ടക്കാല താഴെതില്‍ സുഭാഷ് (32), പുനലൂര്‍ കാര്യറ രാധാവിലാസത്തില്‍ രാജേഷ് (33) എന്നിവരാണ് അറസ്റ്റിലായത്. മുന്‍പ് കൊട്ടാരക്കര, പുത്തൂര്‍, വാളകം, പട്ടാഴി സെക്ഷന്‍ പരിധിയില്‍ ട്രാന്‍സ്ഫോമറുകളിലെ ഫ്യൂസുകള്‍ നഷ്ടപ്പെടുന്നത് പതിവായതോടെയാണ് കെ.എസ്.ഇ.ബി.അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്.

രാജേഷ് കെ.എസ്.ഇ.ബി.യില്‍ മുന്‍പ് താത്കാലിക ജീവനക്കാരനായിരുന്നു. കെ.എസ്.ഇ.ബി.ജീവനക്കാരുടെ യൂണിഫോമിനു സമാനമായ വസ്ത്രം ധരിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചായിരുന്നു മോഷണം. ഫ്യൂസ് കാരിയറിലെ കോപ്പര്‍, പിത്തള എന്നിവ വില്‍ക്കുന്നതിനുവേണ്ടിയായിരുന്നു മോഷണമെന്ന് പോലീസ് പറയുന്നു. കൊട്ടാരക്കര സി.ഐ. ജോസഫ് ലിയോണ്‍, എസ്.ഐ.മാരായ വിദ്യാധിരാജ്, രാജീവ്, മധുസൂദനന്‍, എ.എസ്.ഐ. ഹരിസോമന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.