തിരുവനന്തപുരം: വൈദ്യുതബില്ലിന്റെ പേരില്‍ ഓണ്‍ലൈനിലൂടെ പണംതട്ടുന്ന മാഫിയയ്‌ക്കെതിരേ കെ.എസ്.ഇ.ബിയുടെ പരാതിയില്‍ പോലീസിന്റെ ഹൈടെക് സെല്‍ അന്വേഷണം തുടങ്ങി. ബില്ലടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന വ്യാജസന്ദശം അയച്ചാണ് കെ.എസ്.ഇ.ബി. ഉപഭോക്താക്കളെ പറ്റിക്കാന്‍ ചിലര്‍ ശ്രമിച്ചത്.

ബില്‍ അടച്ചില്ലെങ്കില്‍ രാത്രി 9.30-ന് കണക്ഷന്‍ കട്ട് ചെയ്യുമെന്നാണ് തിങ്കളാഴ്ച ഒട്ടേറെപ്പേര്‍ക്ക് എസ്.എം.എസിലൂടെ കിട്ടിയ സന്ദേശം.

കട്ടുചെയ്യുന്നത് ഒഴിവാക്കാന്‍ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ നമ്പറും നല്‍കിയിരുന്നു.

കണ്‍സ്യൂമര്‍ നമ്പറോ, മറ്റ് വിശദാംശങ്ങളോ ഇല്ലാതെയായിരുന്നു ഈ സന്ദേശങ്ങള്‍. പലരും ഈ നമ്പറിലേക്ക് വിളിച്ചപ്പോള്‍ അവര്‍ അയച്ചുതരുന്ന ലിങ്കില്‍ പണം അടയ്ക്കാന്‍ ഇംഗ്ലീഷില്‍ ആവശ്യപ്പെട്ടു.

തട്ടിപ്പ് മനസ്സിലായവര്‍ പരാതിപ്പെട്ടതോടെയാണ് പ്രശ്‌നം കെ.എസ്.ഇ.ബിയുടെ ശ്രദ്ധയിലെത്തിയത്. ആര്‍ക്കെങ്കിലും പണം നഷ്ടപ്പെട്ടോ എന്ന് വ്യക്തമല്ല.

കെ.എസ്.ഇ.ബി അയയ്ക്കുന്ന സന്ദേശത്തില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, കുടിശ്ശികത്തുക, സെക്ഷന്റെ പേര്, പണമടയ്ക്കാനുള്ള വെബ്സൈറ്റ് ലിങ്ക് എന്നിവയുണ്ടാവും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒ.ടി.പി.യോ, വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുകയുമില്ല.

തട്ടിപ്പിനെതിരേ ഉപഭോക്താക്കള്‍ ജാഗ്രത കാട്ടണമെന്നും കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടു.

വ്യാജസന്ദേശങ്ങള്‍ ലഭിച്ചാല്‍ കെ.എസ്.ഇ.ബിയുടെ കസ്റ്റമര്‍ കെയര്‍ നമ്പറായ 1912-ല്‍ വിളിക്കാം. 9496001912 എന്ന വാട്സാപ്പ് നമ്പറിലും അറിയിക്കാം.