കാസര്‍കോട്: ജോലിക്കിടെ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസര്‍ പിടിയില്‍. കാസര്‍കോട് ചെങ്കളയിലെ കൃഷി ഓഫീസര്‍ അജി പി.ടി ആണ് പിടിയിലായത്. എറണാകുളം സ്വദേശിയാണ് വിജിലന്‍സിന്റെ പിടിയിലായ അജി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനിടെയാണ് കൈക്കൂലി വാങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ വിജിലന്‍സ് സംഘം ഇയാളില്‍ നിന്ന് അയ്യായിരം രൂപയും പിടിച്ചെടുത്തു. വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചെങ്കള മേഖലയിലുള്ള സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് കൈക്കൂലി സംബന്ധിച്ച പരാതിയുമായി എത്തിയത്. 

പദ്ധതിയുടെ ഓണറേറിയവുമായി ബന്ധപ്പെട്ട ഒരു മാസത്തെ തുക ഓഫീസര്‍ക്ക് നല്‍കണം എന്നായിരുന്നു ആവശ്യം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു മാസത്തെ പണമായ ഏഴായിരം രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതില്‍ അയ്യായിരം രൂപ വാങ്ങിയത് കമ്പ്യൂട്ടര്‍ വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്. 

ബാക്കി രണ്ടായിരം രൂപ ഉടനെ എത്തിക്കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. ഒരു കാരണവശാലും പണം നല്‍കരുതെന്ന് പാടശേഖരം സെക്രട്ടറി പറഞ്ഞുവെന്നും മറ്റൊരാളില്‍ നിന്ന് മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും പരാതിക്കാരന്‍ പറയുന്നു.

Content Highlights: krishi officer arrested in kasargod for demanding and collecting bribe