കോഴിക്കോട്: പയ്യാനക്കലിലെ അഞ്ചു വയസ്സുകാരി ആയിഷ റെനയെ മാതാവ് കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തെ തുടര്‍ന്നെന്ന് പോലീസ്. മാതാവ് സെമീറ തുണികൊണ്ട് കുട്ടിയുടെ മൂക്കും വായയും അമര്‍ത്തിപ്പിടിക്കുന്നത് കണ്ടെന്ന് സെമീറയുടെ മൂത്തമകള്‍ മൊഴി നല്‍കിയതായി പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ റജീന കെ. ജോസ് പറഞ്ഞു.

സെമീറ നേരത്തേ ഒരു മന്ത്രവാദിയുടെ അടുത്തെത്തിയിരുന്നതായും സംഭവദിവസം മന്ത്രവാദി പയ്യാനക്കലിലെ വീട്ടിലിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മന്ത്രവാദിയെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. അതേസമയം, കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്ന സെമീറയുടെ പേരില്‍ പോലീസ് കൊലക്കുറ്റം ചുമത്തി.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറില്‍നിന്നും വീട്ടിലുണ്ടായിരുന്ന സമീറയുടെ മൂത്തമകളില്‍നിന്നും പോലീസ് മൊഴിയെടുത്തു. ബുധനാഴ്ച വൈകീട്ടാണ് പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്-സെമീറ ദമ്പതിമാരുടെ മകള്‍ ആയിഷ റെന കൊല്ലപ്പെട്ടത്.

വീട്ടില്‍നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Content Highlights: kozhikode payyanakkal five year old girl murder case