കോയമ്പത്തൂര്‍: നഗരത്തിലെ ലോഡ്ജില്‍ കോഴിക്കോട് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശി ബിന്ദുവിനെയാണ് (46) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലുണ്ടായിരുന്ന 58-കാരനെ അവശനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലുള്ള ഇയാള്‍ സുഖം പ്രാപിച്ചു വരികയാണെന്ന് ഗാന്ധിപുരം കാട്ടൂര്‍ പോലീസ് അറിയിച്ചു.

ജൂലായ് 26-നാണ് ഇരുവരും മുറിയെടുത്തത്. ഇതിനിടെ, ഒന്നിച്ച് ആത്മഹത്യ ചെയ്യാന്‍ ഇരുവരും തീരുമാനിച്ചിരുന്നതായും ഓഗസ്റ്റ് അഞ്ചിന് താന്‍ പുറത്തേക്കിറങ്ങി തിരിച്ചെത്തിയപ്പോള്‍ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നും മുറിയിലുണ്ടായിരുന്ന ആള്‍ പോലീസിന് മൊഴി നല്‍കി.

ഭയന്ന താന്‍ മൃതദേഹം തൂക്കില്‍നിന്ന് ഇറക്കിക്കിടത്തി. മദ്യപിച്ച ശേഷം കൈകള്‍ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞ് ബോധം വന്നപ്പോള്‍ വീണ്ടും ലിംഗം മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായുമാണ് മൊഴിയില്‍ പറയുന്നത്. വേദന സഹിക്കാതെ ലോഡ്ജുകാരെ വിവരമറിയിച്ചതോടെ പോലീസിനെ വിളിച്ചുവരുത്തി ഇയാളെ ആശുപത്രിയിലാക്കുകയായിരുന്നു. ആശുപത്രി വിട്ടാല്‍ ഇയാള്‍ക്കെതിരേ ആത്മഹത്യശ്രമത്തിന് കേസെടുക്കുമെന്ന് അന്വേഷണോദ്യോഗസ്ഥ ഇന്‍സ്‌പെക്ടര്‍ ശാന്തി അറിയിച്ചു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)