കോഴിക്കോട്: അനധികൃത മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന് എതിര്‍വശത്തുള്ള നാച്വര്‍ വെല്‍നെസ് സ്പാ ആന്‍ഡ് ബ്യൂട്ടി ക്ലിനിക്കില്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ നേതൃത്വത്തില്‍ റെയ്ഡ്. റെയ്ഡില്‍ സ്ഥാപനത്തിന്റെ മാനേജരായ വയനാട് സ്വദേശി പി.എസ്. വിഷ്ണു (24) വിനെയും ഇടപാടുകാരനായ മലപ്പുറം സ്വദേശി മെഹ്‌റൂഫ് (34) നെയും അറസ്റ്റ് ചെയ്തു. സ്ഥാപനത്തില്‍ ജോലിക്കാരായ മൂന്ന് സ്ത്രീകളെ കസ്റ്റഡിയിലെടുത്ത ശേഷം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

കോര്‍പ്പറേഷന്‍ അനുമതിയില്ലാതെ അനധികൃതമായി മസാജ് പാര്‍ലര്‍ നടത്തുക, മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കുമേല്‍ ചുമത്തിയത്.

ജിത്തു എന്ന ഫിലിപ്പ്, മാനന്തവാടി സ്വദേശിയായ ജെറിന്‍ ജോയ്, ആലുവ സ്വദേശിയായ ജെയ്ക്ക് ജോസ് എന്നിവരാണ് നടത്തിപ്പുക്കാര്‍. ഇവരെക്കൂടി പിടികൂടാനുണ്ടെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ എം.എല്‍. ബെന്നി ലാലു പറഞ്ഞു.

ഓണ്‍ലൈനിലൂടെയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഓണ്‍ലൈന്‍ മസാജ് സെന്റുകള്‍ തിരയുന്നവരുടെ നമ്പറുകള്‍ ശേഖരിച്ച് ഫോണില്‍ തിരികെ വിളിക്കുന്നതായിരുന്നു രീതി.

സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് റെയ്ഡ് നടത്തിയത്. അഞ്ചുമാസത്തോളമായി ഇവിടെ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചിട്ട്. സ്ഥാപനത്തിനെതിരേ മുമ്പും പരാതി ഉയര്‍ന്നിരുന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നുകാണിച്ച് സമീപവാസികള്‍ കോര്‍പ്പറേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി സ്ഥാപനം പൂട്ടിയിരുന്നു. എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം തുറക്കുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.