കോഴിക്കോട്: ജാനകിക്കാട്ടില്‍ കൂട്ടബത്സംഗത്തിനിരയായ പെണ്‍കുട്ടി രണ്ട് വര്‍ഷം മുമ്പും പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തല്‍. ബന്ധുവാണ് പീഡിപ്പിച്ചതെന്നാണ് കൗണ്‍സിലിങ്ങിനിടെ കുട്ടി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുവിനെതിരേ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മൂന്നാമത്തെ കേസാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 

ഒക്ടോബര്‍ മൂന്നിനാണ് ജാനകിക്കാടിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ പെണ്‍കുട്ടി ആദ്യം കൂട്ടബലാത്സംഗത്തിന് ഇരയായത്. മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയായിരുന്നു പീഡനം. പ്രതികളില്‍നിന്ന് ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് 19-ന് കുട്ടി വീട് വിട്ടിറങ്ങിയപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തി പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം നാല് പേരെയും പിന്നീട് മറ്റൊരാളേയും പോലീസ് പിടികൂടിയിരുന്നു. 

തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ മറ്റൊരുദിവസം പെരുവണ്ണാമൂഴി ചെമ്പനോട ഭാഗത്തെ പന്നിക്കോട്ടൂര്‍ വനമേഖലയില്‍ എത്തിച്ച് രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 16-ന് വൈകീട്ടാണ് രണ്ടാമത്തെ പീഡനം നടന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി ആക്കല്‍ മാവിലപ്പാടി ഗുളിക്കല്‍പറമ്പത്ത് മെര്‍വിനെ (22) പേരാമ്പ്ര ഡിവൈ.എസ്.പി. ജയന്‍ ഡൊമനിക് അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിലായ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. പീഡിപ്പിച്ച രണ്ടാമത്തെയാള്‍ നേരത്തേ അറസ്റ്റിലായ മൊയിലോത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ (22) തന്നെയാണ്. 

അമ്മയുടെ വീടിന് സമീപത്തെ തോട്ടില്‍ അലക്കാന്‍പോയ പതിനേഴുകാരിയെ ഇരുവരുമെത്തി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോക്‌സോ, ബലാത്സംഗം, എസ്.സി. എസ്.ടി.ക്കാര്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുപ്രകാരമാണ് പെരുവണ്ണാമൂഴി പോലീസ് രണ്ടാമത്തെ കേസെടുത്തത്. ഇതിന് ശേഷം കഴിഞ്ഞ ദിവസം മൊഴിയെടുത്തപ്പോഴാണ് പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായ വിവരം പോലീസിനോട് വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം മുമ്പ്  ബന്ധുവിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാദാപുരം എ.എസ്.പി. പി. നിധിന്‍രാജാണ് കേസ് അന്വേഷിക്കുന്നത്. 

Content Highlights: kozhikode janakikkad gang rape case victim sexually assaulted by her relative