കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയ സംഭവത്തില്‍ മൊത്തവിതരണക്കാരനും അറസ്റ്റില്‍. തമിഴ്നാട് മുതലിപ്പേട്ട് സ്വദേശി റംസാന്‍ അലി(35)യെയാണ് അന്വേഷണസംഘം പിടികൂടിയത്. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ പിടികൂടിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. 

ദക്ഷിണേന്ത്യയിലെ തന്നെ മയക്കുമരുന്നിന്റെ പുതിയ ഹബ്ബായി മാറിയ ചെന്നൈയിലെ ട്രിപ്പ്ളിക്കെയിന്‍ എന്ന സ്ഥലത്തുനിന്നാണ് ഇയാള്‍ മയക്കുമരുന്ന് സംഘടിപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രിപ്പ്ളിക്കെയിനില്‍ നിന്നും എം.ഡി.എം.എ ഒഴുകുന്നതായാണ് വിവരം. ഇടുങ്ങിയ വഴികളും തെരുവുകളും കോളനികളും നിറഞ്ഞ ട്രിപ്പ്‌ളിക്കെയിന്‍ കേന്ദ്രീകരിച്ച് ജലമാര്‍ഗവും മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ട്. രാജ്യാന്തര മയക്കുമരുന്ന് സംഘങ്ങള്‍ ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

ട്രിപ്പ്ളിക്കെയിനിലെ ഒരാള്‍ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് റംസാന്‍ അലി കുവൈത്ത് പോലീസിന്റെ പിടിയിലാവുന്നതും ജയിലിലാവുന്നതും. റംസാന്‍ അലി വഴി അന്‍വര്‍ തസ്ലീമിനും മറ്റു പ്രതികള്‍ക്കും മയക്കുമരുന്ന് എത്തിച്ചുനല്‍കിയത് തിരുവാരൂര്‍ സ്വദേശിയായ വിനോദ് കുമാര്‍ എന്നയാളാണ്. ഇയാളെ പിടികൂടുന്നതിനായി തിരുവാരൂരിലെത്തിയ കേരള പോലീസ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ വിനോദ് കുമാറിന്റെ വീട് വളഞ്ഞെങ്കിലും ചേരി പ്രദേശത്തുള്ള നാട്ടുകാരുടെ സഹായത്തോടെ വിനോദ് രക്ഷപ്പെടുകയായിരുന്നു. 

പോലീസ് സംഘത്തിനു നേരെ ആക്രമണശ്രമവും പോലീസ് ജീപ്പ് കത്തിക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു. മുന്‍കൂട്ടി അറിയിച്ചിട്ടും തിരുവാരൂര്‍ പോലീസിന്റെ യാതൊരു സഹായവും കേരള പോലീസിനു ലഭിച്ചിരുന്നില്ല. 

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി മയക്കുമരുന്ന് സംഘങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും കെ. സുദര്‍ശന്‍ പറഞ്ഞു. അന്വേഷണസംഘത്തില്‍ എസ്.ഐ. ഷാജു വര്‍ഗീസ്, മുഹമ്മദ് ഷാഫി, സജി, വിജയന്‍.എന്‍ എന്നിവരും ഉണ്ടായിരുന്നു.