കോഴിക്കോട്: പി.എം. താജ് റോഡിലെ യൂണിയൻ ബാങ്കിൽനിന്ന് അഞ്ചര കിലോ മുക്കുപണ്ടം പണയംവെച്ച് 1,69,51,385 രൂപ തട്ടിയ കേസിൽ ബാങ്ക് മുൻ മാനേജർക്കും ബാങ്കിലെ മറ്റു ജീവനക്കാർക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ്.

ശനിയാഴ്ച കേസിലെ മുഖ്യപ്രതിയായ വയനാട് സ്വദേശിനി കെ.കെ. ബിന്ദുവിനെ പോലീസ് പിടികൂടിയിരുന്നു. ബിന്ദു ഇപ്പോൾ റിമാൻഡിലാണ്. ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

പിടിച്ചെടുത്ത മുക്കുപണ്ടം തിങ്കളാഴ്ച ജില്ലാ കോടതിയിൽ സമർപ്പിച്ചു. ആഭരണങ്ങളുടെ സാംപിളുകൾ പരിശോധനയ്ക്കായി ഫൊറൻസിക് സയൻസ് ലാബിലേക്ക് ഞായറാഴ്ച തതന്നെ അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്നും പോലീസ് അറിയിച്ചു. കേസിൽ ബാങ്കിലെ അപ്രൈസറും ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പടെ ഒമ്പതുപേരെ പ്രതികളാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

2020 ഫെബ്രുവരി മാസം മുതൽ ഒമ്പത് അക്കൗണ്ടുകളിൽനിന്നായി 44 തവണകളായാണ് വ്യാജസ്വർണം ബാങ്കിൽ പണയംവെച്ചത്.

ലോക്കറിലെ സ്വർണം മോഷണംപോയി: മുൻ ഡി.സി.പി. പരാതിക്കാരനായ കേസിലും തുമ്പില്ല

2012 നവംബറിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോഴിക്കോട്ടെ പ്രധാന ശാഖയിലെ ലോക്കറിൽ സൂക്ഷിച്ച 135 പവൻ സ്വർണാഭരണം മോഷണംപോയ സംഭവത്തിൽ എട്ടുവർഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കോഴിക്കോട്ടെ മുൻ ഡെപ്യൂട്ടി കമ്മിഷണർ ഡി. സാലിയുടെ മകൾ ശ്വേത സുധിയുടെയും മരുമകൾ നമിതയുടെതും ഉൾപ്പെടുന്ന 67 പവനും വസന്തഭവൻ ഹോട്ടലുടമയുടെ 25 പവനും കല്ലായിലെ ഒരു പ്രവാസിയുടെ 43 പവൻ സ്വർണവുമാണ് മോഷണംപോയത്. കേസിൽ ബാങ്ക് ജീവനക്കാരനായ പ്യൂണിനെയും മാനേജരടക്കമുള്ളവരെയും പലതവണ ചോദ്യംചെയ്തിരുന്നു.

ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2014 നവംബറിൽ ക്രൈംബ്രാഞ്ചിന് കൈമാറ്ിയിരുന്നു. മാറിവരുന്ന ഉദ്യോഗസ്ഥർ വീട്ടിലെത്തി പരാതിക്കാരുടെ മൊഴിയെടുക്കുമെങ്കിലും എട്ട് വർഷമായിട്ടും കേസിനു യാതൊരു തുമ്പും ഉണ്ടായിട്ടില്ലെന്നും പരാതിക്കാരൻ ഡി. സാലി പറയുന്നു.