കോഴിക്കോട്: ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചേവരമ്പലത്തെ ഫ്‌ളാറ്റില്‍വെച്ച് കൊല്ലം  സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ കോളിയോട്ടുതാഴം കവലയില്‍ മിത്തല്‍ വീട്ടില്‍
അജ്‌നാസ് കെ.എ, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ വീട്ടില്‍ ഫഹദ് എന്‍.പി. എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.

അജ്‌നാസിനെ ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്‌നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്‌നാസും കൂട്ടുപ്രതി ഫഹദും കൂടി ഫഹദിന്റെ കാറില്‍ കയറ്റി ഫ്‌ളാറ്റിലെത്തിക്കുകയും അജ്‌നാസ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അടുത്ത റൂമില്‍ കാത്തിരിക്കുകയായിരുന്ന  മൂന്നും നാലും  പ്രതികളെ റൂമിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. ഇവര്‍ യുവതിയെ ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി ബലാത്സംഗം ചെയ്തു. ബലാത്സംഗദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. 

പ്രതികളുടെ ക്രൂരമായ ബലാത്സംഗത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്തു. ഇതോടെ പ്രതികള്‍ യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. മെഡിക്കല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്റെ നേതൃത്ത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Content Highlights: kozhikode chevarambalam gang rape case two more accused arrested by police