കോഴിക്കോട്: ഉണ്ണികുളം വീര്യമ്പ്രത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി താജുദ്ദീന്‍ യുവാവിന് നേരേ വടിവാള്‍ വീശുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉമ്മുകുല്‍സു കൊല്ലപ്പെടുന്നതിന് മുമ്പ് മലപ്പുറം ജില്ലയില്‍വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. താജുദ്ദീന്‍ യുവാവിനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നതും മൊബൈല്‍ഫോണ്‍ വാങ്ങി എറിഞ്ഞ് പൊട്ടിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്. 

തൊടടാ തൊടടാ എന്ന് അലറിവിളിച്ചാണ് താജുദ്ദീന്‍ യുവാവിനെ ഭീഷണിപ്പെടുത്തുന്നത്. കൈയില്‍ വടിവാളുമുണ്ട്. ഇതിനുപിന്നാലെ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചു. യുവാവിനെ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. താജുദ്ദീന്‍ വടിവാളുമായി ഭീഷണിപ്പെടുത്തുമ്പോള്‍ വെട്ടടാ വെട്ട് എന്ന് യുവാവ് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. 

വീര്യമ്പ്രത്തെ വാടകവീട്ടില്‍ താമസിക്കുന്നതിനിടെയാണ് മലപ്പുറം എടരിക്കോട് സ്വദേശിയായ താജുദ്ദീന്‍ ഭാര്യ ഉമ്മുകുല്‍സുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംശയത്തിന്റെ പേരിലായിരുന്നു ദാരുണമായ കൊലപാതകം. ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ ശേഷം ഭാര്യയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. രണ്ട് മക്കളെയും വഴിയില്‍ ഉപേക്ഷിച്ചു. അവശനിലയിലായിരുന്ന ഉമ്മുകുല്‍സുവിനെ സുഹൃത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ ഒക്ടോബര്‍ 11-നാണ് താജുദ്ദീനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മര്‍ദനത്തിനും കൊലപാതകത്തിനും കൂട്ടുനിന്നതിന് ഇയാളുടെ സുഹൃത്തുക്കളായ ആദിത്യന്‍ ബിജുവും ജോയലും കേസില്‍ അറസ്റ്റിലായിരുന്നു. 

താജുദ്ദീനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ മലപ്പുറത്ത് വടിവാള്‍ വീശി യുവാവിനെ ഭീഷണിപ്പെടുത്തിയ ദൃശ്യങ്ങള്‍ ബാലുശ്ശേരി പോലീസിന് ലഭിച്ചിരുന്നു. ഇതോടെയാണ് പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് ശക്തമായ പോലീസ് സന്നാഹമൊരുക്കിയാണ് പ്രതിയെ കൊളത്തൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. 

Content Highlights: kozhikode balussery ummukulsu murder case accused thajudheen threatens with weapon