കോഴിക്കോട്:  ഉണ്ണികുളം വീര്യമ്പ്രത്ത് ഉമ്മു കുൽസു കൊലക്കേസിൽ ഭർത്താവ് താജുദ്ദീനെ വീര്യമ്പ്രത്തെ സുഹൃത്തിന്റെ വാടകവീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കൊലപ്പെടുന്നതിന് മുമ്പ് താജുദ്ദീൻ ഉമ്മുകുൽസുവിനെ ക്രൂരമായ ശാരീരികപീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വെളിപ്പെടുന്നത്. 

ചുണ്ടിലും മുഖത്തും ശരീരത്തിലാകെയും മുറിപ്പാടുകൾക്കുപുറമേ തുടയിൽ ആഴത്തിൽ കടിയേറ്റ പാടുണ്ട്. പല്ലിന്റെ പാടുകൾ താജുദ്ദീന്റേതാണെന്ന് സ്ഥിരീകരിക്കാനുള്ള ഓഡന്റോളജി ടെസ്റ്റിനും ഫൊറൻസിക് പരിശോധനയ്ക്കും വിധേയമാക്കുമെന്ന് ബാലുശ്ശേരി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാർ പറഞ്ഞു. താജുദ്ദീന്റെ പിതാവിന്റെ ഉൾപ്പെടെ ആറുപേരുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനുമുന്നിൽ രേഖപ്പെടുത്താൻ കോടതിയുടെ അനുമതിതേടുമെന്നും പോലീസ് അറിയിച്ചു.

മർദ്ദനം സംശയത്തിന്റെ പേരിൽ

സംശയത്തിന്റെ പേരിലായിരുന്നു ദാരുണമായ കൊലപാതകം. ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ ശേഷം ഭാര്യയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. രണ്ട് മക്കളെയും വഴിയില്‍ ഉപേക്ഷിച്ചു. അവശനിലയിലായിരുന്ന ഉമ്മുകുല്‍സുവിനെ സുഹൃത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ ഒക്ടോബര്‍ 11-നാണ് താജുദ്ദീനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മര്‍ദനത്തിനും കൊലപാതകത്തിനും കൂട്ടുനിന്നതിന് ഇയാളുടെ സുഹൃത്തുക്കളായ ആദിത്യന്‍ ബിജുവും ജോയലും കേസില്‍ അറസ്റ്റിലായിരുന്നു.

നേരിട്ടത് ക്രൂര പീഡനം 

കൊല്ലപ്പെടുന്നതിന് ഏഴുദിവസംമുമ്പാണ് വീര്യമ്പ്രത്തെ സുഹൃത്ത് സിറാജുദ്ദീന്റെ വീട്ടിൽ താജുദ്ദീൻ കുടുംബവുമായെത്തുന്നത്. വരുമ്പോൾതന്നെ അവശനിലയിലായ ഉമ്മുകുൽസുവിന് വീടിനുവെളിയിലുള്ള കുളിമുറിയിലും മറ്റും പോകാൻ പരസഹായം വേണ്ടിയിരുന്നതായി സിറാജുദ്ദീന്റെ ഉമ്മ പറഞ്ഞു. രഹസ്യമായി മറ്റൊരു ഫോൺ ഒളിപ്പിച്ചുവെച്ചതായി പറഞ്ഞ് ഈ വീട്ടിൽവെച്ചും താജുദ്ദീൻ കുട്ടികളുടെ മുന്നിൽവെച്ച് പലതവണ ഉമ്മുകുൽസുവിനെ മർദിച്ചിരുന്നു. കൊല്ലപ്പെടുന്ന ദിവസം താജുദ്ദീനും രണ്ടു കൂട്ടുപ്രതികളും താങ്ങിയെടുത്താണ് ഉമ്മുകുൽസുവിനെ വീട്ടിലെത്തിച്ചത്. ശരീരമാകെ അടികിട്ടി നീരുവെച്ചു വീർത്തതിനാൽ ധരിച്ചിരുന്ന മുഷിഞ്ഞവേഷം മാറ്റാൻ കഴിഞ്ഞില്ലെന്നും ഒടുക്കം ബ്ലേഡ് ഉപയോഗിച്ച് കീറിയാണ് മറ്റൊരു വേഷം ധരിപ്പിച്ചതെന്നും വീട്ടുകാർ പറഞ്ഞു.

കഠിനമായ ശാരീരിക പീഡനത്തിനുശേഷം മരണാസന്നയായ ഉമ്മുകുൽസുവിനെ ഭർത്താവ് എത്തിച്ച വീര്യമ്പ്രത്തെ സുഹൃത്തിന്റെ വാടകവീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഈ വീട്ടിൽ ഉമ്മു കുൽസുവിനെ എത്തിച്ചാണ് താജുദ്ദീൻ കടന്നുകളഞ്ഞത്.

നാട്ടുകാരുടെ നേരെയും തട്ടിക്കയറി

വ്യാഴാഴ്ച വൈകീട്ടോടെ താജുദ്ദീനുമായി പോലീസെത്തുമ്പോൾ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. തുടക്കത്തിൽ ശാന്തനായിരുന്ന ഇയാൾ തിരിച്ചു പോലീസ് വണ്ടിയിൽ കയറവേ ഫോട്ടോ എടുത്ത നാട്ടുകാരനുനേരെ ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്തു. നന്മണ്ടയിലെ പെട്രോൾ പമ്പിലും പ്രതിയെ എത്തിച്ച് തെളിവുശേഖരിച്ചു. കൊലചെയ്യപ്പെട്ട ദിവസം ഉമ്മുകുൽസുവിനെ മലപ്പുറത്തേക്ക് കൊണ്ടുപോയ കാറിൽ പെട്രോൾ അടിച്ചത് ഇവിടെനിന്നാണ്. റിമാൻഡിലുള്ള ഇയാളെ അഞ്ചുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽവാങ്ങിയത്. അടുത്തദിവസങ്ങളിൽ വെന്നിയൂരിൽ ഇവർ താമസിച്ചിരുന്ന വാടകവീട്ടിലും കാർ വാടകയ്ക്കെടുത്ത കല്പകഞ്ചേരിയിലെ വീട്ടിലും കൊണ്ടുപോകും.

balussery ummukulsu murder
താജുദ്ദീന്‍ വടിവാള്‍ വീശി യുവാവിനെ ഭീഷണിപ്പെടുത്തുന്ന
ദൃശ്യം | Screengrab: Mathrubhumi News

വടിവാൾ വീശി പ്രതി

ഇയാൾ ഒരു യുവാവിന് നേരേ വടിവാള്‍ വീശുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഉമ്മുകുല്‍സു കൊല്ലപ്പെടുന്നതിന് മുമ്പ് മലപ്പുറം ജില്ലയില്‍വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. താജുദ്ദീന്‍ യുവാവിനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നതും മൊബൈല്‍ഫോണ്‍ വാങ്ങി എറിഞ്ഞ് പൊട്ടിക്കുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

Content Highlights: kozhikode balussery ummukulsu murder case