കോഴിക്കോട്: പൊറ്റമ്മല്‍ ശ്രീലക്ഷ്മി വീട്ടില്‍ അഡ്വ. ശ്രീധരക്കുറുപ്പിനെ മോഷണത്തിനിടെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൊല്ലം കടയ്ക്കല്‍ ചിങ്ങേലി ബിജുവിനെ (43) മംഗലാപുരത്തുനിന്ന് അന്വേഷണസംഘം അറസ്റ്റുചെയ്തു. പ്രതിയെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് 2013-ല്‍ ഇയാള്‍ ഒളിവില്‍പ്പോയത്.

2001 മാര്‍ച്ച് 15-നായിരുന്നു സംഭവം. ശ്രീധരക്കുറുപ്പും ഭാര്യ ലക്ഷ്മീദേവിയും വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ അര്‍ധരാത്രിയോടെ പ്രതികളായ ബിജുവും കൂട്ടുപ്രതിയും ചേര്‍ന്ന് പിന്‍വാതില്‍ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് കവര്‍ച്ചനടത്തുകയായിരുന്നു. ഇതിനിടയില്‍ ശബ്ദംകേട്ടുണര്‍ന്ന ശ്രീധരക്കുറുപ്പിനെയും ഭാര്യ ലക്ഷ്മീദേവിയെയും മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ ആക്രമിച്ചു. ആക്രമണത്തില്‍ ശ്രീധരക്കുറുപ്പ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മിദേവി തലയ്ക്കടിയേറ്റ് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം അബോധാവസ്ഥയിലായിരുന്നു.

ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചും നെഞ്ചില്‍ കഠാരകുത്തിയിറക്കിയുമാണ് കൊലചെയ്തത്. ശേഷം, 18 പവനോളം സ്വര്‍ണാഭരണങ്ങളും 53,000 രൂപയും കവര്‍ച്ചചെയ്തിരുന്നു. പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ചെങ്കിലും ശിക്ഷയ്‌ക്കെതിരേ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരേ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച്, പ്രതിക്കായി തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിവരുകയായിരുന്നു. ഇതിനിടയില്‍ പ്രതി ബിജു മംഗലാപുരത്തുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ദിവസങ്ങളോളം മംഗലാപുരം കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവിലാണ് ശനിയാഴ്ച രാവിലെ മംഗലാപുരത്തെ ഡെക്കയില്‍വെച്ച് പിടിയിലായത്.

എ.എസ്.ഐ.മാരായ ഇ. മനോജ്, കെ. അബ്ദുറഹിമാന്‍, കെ.പി. മഹീഷ്, സീനിയര്‍ സി.പി.ഒ.മാരായ ഷാലു എം., സി.പി.ഒ.മാരായ സുമേഷ് ആറോളി, പി.പി. മഹേഷ്, ശ്രീജിത്ത് പടിയാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.