കോഴഞ്ചേരി: പുരുഷസുഹൃത്തിന് 13 വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു കൊടുത്ത അമ്മ അറസ്റ്റില്‍. കിടങ്ങന്നൂര്‍ സ്വദേശിനിയെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ടിപ്പര്‍ ലോറി ഡ്രൈവര്‍ ഹരിപ്പാട് സ്വദേശി ബിപിന്‍, ഇയാളുടെ സുഹൃത്ത് എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി. ബിപിന്‍ എന്നത് വ്യാജ പേരാണെന്നും പോലീസിന് സംശയമുണ്ട്.

ഇയാള്‍ കുറച്ചുനാളുകളായി കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാണ്. വീട്ടിലെ പതിവുസന്ദര്‍ശകനായ ബിപിന്‍ വിവാഹ വാഗ്ദാനം നല്‍കി ഏറെക്കാലമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞിട്ടുള്ളത്.

ബുധനാഴ്ച ഉച്ചയ്ക്ക് കുട്ടിയുടെ വീട്ടിലെത്തിയ ബിപിനും സുഹൃത്തിനുമൊപ്പം അമ്മ പെണ്‍കുട്ടിയെ പറഞ്ഞയച്ചു. മൂന്നു പേരും ഒരേ ബൈക്കിലായിരുന്നു യാത്ര. ചെങ്ങന്നൂര്‍വരെ ബൈക്കില്‍ പോയ ശേഷം കുട്ടിയെ രണ്ട് ബസുകള്‍ മാറി കയറ്റിക്കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. പിറ്റേ ദിവസം ബിപിന്‍ കുട്ടിയെ തിരികെ ആറന്മുളയില്‍ എത്തിക്കുകയും ചെയ്തു.

കുട്ടിയെ കാണുന്നില്ലെന്ന് കാട്ടി അമ്മയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ആറന്മുള പോലീസില്‍ പരാതി നല്‍കിയിരുന്നു. ആറന്മുള മുന്‍ പഞ്ചായത്തംഗം ദീപയുടെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ പരാതി നല്‍കിയത്. കുട്ടി തിരിച്ചെത്തിയ വിവരം അറിഞ്ഞ് പോലീസ് വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്തി. ഇതോടെ പീഡനം സ്ഥിരീകരിച്ചു. കുട്ടിയുടെ മൊഴിയില്‍നിന്ന് അമ്മയുെട പങ്ക് വ്യക്തമായതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അമ്മയുടെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി. രണ്ടാം വിവാഹത്തിലുള്ള ഭര്‍ത്താവിനൊപ്പം താമസിക്കുന്നതിനിടെയാണ് ബിപിനെ പരിചയപ്പെടുന്നത്.

Content Highlights: kozhanchery rape case