തലശ്ശേരി: കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പെണ്‍കുട്ടിയുടെ അമ്മയും വിചാരണവേളയില്‍ കൂറുമാറി. നേരത്തേ നല്‍കിയ മൊഴി കോടതിയില്‍ മാറ്റിയതിനെത്തുടര്‍ന്ന് ഇവര്‍ കൂറുമാറിയതായി പ്രോസിക്യൂഷന്റെ അഭ്യര്‍ഥന പ്രകാരം കോടതി പ്രഖ്യാപിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) പോക്സോ കോടതി ജഡ്ജി പി.എന്‍.വിനോദ് മുമ്പാകെയാണ് വിചാരണ നടക്കുന്നത്.

kottiyoor rape caseവ്യാഴാഴ്ച രാവിലെ പെണ്‍കുട്ടിയുടെ പ്രതിഭാഗം ക്രോസ് വിസ്താരത്തോടെയാണ് വിചാരണ തുടങ്ങിയത്. അതിനുശേഷമാണ് അമ്മയെ വിസ്തരിച്ചത്. പെണ്‍കുട്ടി കഴിഞ്ഞദിവസം കൂറുമാറിയിരുന്നു. അമ്മയുടെ പ്രതിഭാഗം ക്രോസ് വിസ്താരം വ്യാഴാഴ്ച പൂര്‍ത്തിയായില്ല. ഇത് വെള്ളിയാഴ്ച തുടരും. പെണ്‍കുട്ടിയുടെ അച്ഛന്‍, സഹോദരന്‍ എന്നിവരെയും വെള്ളിയാഴ്ച വിസ്തരിക്കും.

പ്രോസിക്യൂഷനു വേണ്ടി പോക്സോ കോടതി പ്രോസിക്യുട്ടര്‍ ബീന കാളിയത്ത്, സഹായികളായി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രന്‍, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ.രാമചന്ദ്രന്‍ എന്നിവര്‍ ഹാജരായി. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.ജോണ്‍ സെബാസ്റ്റ്യന്‍, പി.വി.ഹരി, പി.രാജന്‍, ഗ്രേഷ്യസ് കുര്യാക്കോസ്, എം.അശോകന്‍ എന്നിവര്‍ ഹാജരായി.

പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഫാ. റോബിന്‍ വടക്കുഞ്ചേരിയാണ് ഒന്നാംപ്രതി. പത്തു പ്രതികളുള്ള കേസില്‍ മൂന്നുപേരെ കഴിഞ്ഞദിവസം സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ഏഴു പ്രതികളാണ് വിചാരണ നേരിടുന്നത്. കേസില്‍ പിടിയിലായ മുഖ്യപ്രതി ഒരുവര്‍ഷത്തിലേറെയായി റിമാന്‍ഡിലാണ്.

Content highlights: Crime news, Police, Kottiyur rape case, Supreme court