കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ലോക്കല്‍ പോലീസില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് കഴിഞ്ഞദിവസം കേസ് ഡയറി ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ചുവരികയാണ്. 

പള്ളിമുക്ക് സ്വദേശി ഹാരിഷ് മുഹമ്മദാണ് കേസിലെ പ്രതി. ഇയാളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ആരോപണവിധേയരായ ഹാരിഷിന്റെ മാതാപിതാക്കള്‍, സഹോദരന്‍, സഹോദരന്റെ ഭാര്യയായ സീരിയല്‍ നടി എന്നിവരെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. ലോക്കല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ക്രൈംബ്രാഞ്ച് പരിശോധിക്കും. 

വിവാഹനിശ്ചയത്തിന് ശേഷം ഹാരിഷ് മുഹമ്മദ് വിവാഹത്തില്‍നിന്ന് പിന്മാറിയതോടെയാണ് കൊട്ടിയത്തെ യുവതി ജീവനൊടുക്കിയത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഹാരിഷ് മുഹമ്മദുമായി വിവാഹം ഉറപ്പിച്ചിരുന്നത്. ഇതിനിടെ പലതവണയായി ഹാരിഷ് മുഹമ്മദ് യുവതിയുടെ വീട്ടുകാരില്‍നിന്ന് പണം കൈക്കലാക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിഞ്ഞെന്ന വ്യാജരേഖ ചമച്ച് ഗര്‍ഭഛിദ്രം നടത്തിയതായും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: kottiyam woman suicide crime branch starts investigation