കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണത്തിൽ പോലീസിന് മേൽ വൻസമ്മർദമുണ്ടെന്ന് യുവതിയുടെ പിതാവ്. പ്രതി ഹാരിഷ് മുഹമ്മദിന്റെ കുടുംബത്തിനും സീരിയൽ നടി ലക്ഷ്മി പ്രമോദിനും സാമ്പത്തികമായും രാഷ്ട്രീയമായും ഉന്നത സ്വാധീനമുണ്ട്. അതിനാലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നതെന്നും യുവതിയുടെ പിതാവ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പിതാവിനെ കഴിഞ്ഞ ദിവസം കമ്മീഷണർ ഓഫീസിലേക്ക് വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തു. ചൊവ്വാഴ്ച കമ്മീഷണർ ഓഫീസിൽനിന്ന് മൂന്നംഗ പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിയും മൊഴി രേഖപ്പെടുത്തി. നേരത്തെ പോലീസിന് കൈമാറിയ എല്ലാ തെളിവുകളും ഇവർക്ക് കൈമാറിയതായും ആരും രക്ഷപ്പെടാത്ത രീതിയിൽ കേസ് അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായും യുവതിയുടെ പിതാവ് പറഞ്ഞു. അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മകളുടെ മൊബൈൽ ഫോണിലെ വിവരങ്ങളടക്കം കൈയിലുള്ള എല്ലാ തെളിവുകളും നേരത്തെ തന്നെ കൈമാറിയതാണ്. എന്നാൽ ഹാരിഷ് മുഹമ്മദിനെ മാത്രമാണ് പോലീസ് പിടികൂടിയത്. ഹാരിഷിന്റെ മാതാപിതാക്കൾക്കും സഹോദരനും സഹോദരഭാര്യയായ നടി ലക്ഷ്മി പ്രമോദിനും സംഭവത്തിൽ പങ്കുണ്ടെന്നത് മനസിലായതാണ്. പക്ഷേ, വൻസമ്മർദം കാരണം പോലീസ് അവർക്കെതിരേ നടപടി സ്വീകരിക്കുന്നില്ല. പ്രതി ഹാരിഷിനെ ഇതുവരെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തിട്ടില്ല. ഇതിനാലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്- പിതാവ് വിശദീകരിച്ചു.

മകളെ പലയിടത്തും കൊണ്ടുപോയത് സീരിയൽ നടിയായ ലക്ഷ്മി പ്രമോദാണ്. വിവാഹനിശ്ചയം കഴിഞ്ഞ് പല തവണ അവർ കൂട്ടിക്കൊണ്ടുപോയി. കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയത്. ഹാരിഷുമായുള്ള വിവാഹം താൻ മുൻകൈ എടുത്ത് നടത്തി തരാമെന്നും ലക്ഷ്മി ഉറപ്പു നൽകിയിരുന്നു. മകളുടെ ഗർഭഛിദ്രം നടത്തിയതിന്റെ എല്ലാ രേഖകളും പ്രതിയുടെയും കുടുംബാംഗങ്ങളുടെയും കൈവശമാണ്. എന്നാൽ അവരെ ഒരു തവണ മാത്രമാണ് പോലീസ് ചോദ്യം ചെയ്തത്. മകൾ മരിച്ചതിന് ശേഷം ഒരു തവണ പോലും ഹാരിഷിന്റെ കുടുംബാംഗങ്ങൾ വിളിക്കുക പോലും ചെയ്തിട്ടില്ല.

പല തവണകളായി അഞ്ച് ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളുമാണ് ഹാരിഷ് കൈക്കലാക്കിയത്. വര്‍ക്ക്‌ഷോപ്പ് തുടങ്ങാനായാണ് പണം വാങ്ങിയത്. പലപ്പോഴും അയ്യായിരവും പതിനായിരവുമായി മകൾ വഴി പണം വാങ്ങി. അതും പോരാഞ്ഞിട്ട് വായ്പയെടുത്ത പണവും ഹാരിഷിന് കൈമാറി. മകളുടെ കൈകളിലും കാതിലുമുണ്ടായിരുന്ന സ്വർണവും അവൻ കൈക്കലാക്കി. വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തുടക്കംമുതൽ ഹാരിഷിനൊപ്പം അവളുമുണ്ടായിരുന്നു.

മകൾ എത്രത്തോളം മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന് അവളുടെ മരണശേഷം മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് മനസിലായത്. ഒരു വാക്ക് പോലും അവൾ ആരോടും പറഞ്ഞിരുന്നില്ല. ഹാരിഷിന്റെ മാതാപിതാക്കൾക്കും സഹോദരനും സഹോദരഭാര്യയ്ക്കും ഇതിൽ കൃത്യമായ പങ്കുണ്ട്. അവരറിയാതെ ഒന്നും നടക്കില്ലെന്നും ഈ നാല് പേരെയും എത്രയും വേഗം പിടികൂടി മകൾക്ക് നീതി ലഭ്യമാക്കണമെന്നാണ് തന്റെ ആവശ്യമെന്നും പിതാവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:kottiyam woman suicide case victims father against police investigation