കൊട്ടിയം : വിവാഹം ഉറപ്പിച്ചശേഷം വഞ്ചിക്കപ്പെട്ട യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ പോലീസ് ചോദ്യം ചെയ്തു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് ഇവരുടെ ഫോൺ കസ്റ്റഡിയിലെടുത്തതായാണ് സൂചന. കേസിൽ അറസ്റ്റിലായ പ്രതി കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽനഗർ കിട്ടന്റഴികത്ത് വീട്ടിൽ ഹാരിഷ് മുഹമ്മദിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ഇവർ.

ജമാഅത്തിന്റെ പേരിൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി യുവതിയെ എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയി ഗർഭഛിദ്രം നടത്തിയതിൽ ഇവർക്ക് പങ്കുണ്ടെന്ന് യുവതിയുടെ വീട്ടുകാർ പരാതിപ്പെട്ടിരുന്നു. യുവതിയെ പലപ്പോഴും വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത് ഇവരായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. അറസ്റ്റിലായ ഹാരിഷ് യുവതിയെ കരുവാക്കി ബാങ്കുകളിൽനിന്ന് വായ്പകളും തരപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

യുവതിയെ വിവാഹം ഉറപ്പിച്ച് സ്വർണവും പണവും കൈപ്പറ്റിയതിനും യുവതിയെ നിരവധി തവണ കൊണ്ടുനടന്ന് പീഡിപ്പിച്ചതിനും ഹാരിഷിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന ആക്ഷേപം ശക്തമായതിനാൽ അവരെയും ഉടൻ പോലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ അറസ്റ്റിലായ ഹാരിഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.

കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് നടപടികൾ നടത്തി വരികയാണ്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെയും കൊണ്ട് ഹാരിഷ് പോയിട്ടുള്ള സ്ഥലങ്ങളിലെല്ലാം പോയി തെളിവെടുക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്, ബെംഗളൂരു എന്നിവിടങ്ങളിൽ പോയിട്ടുള്ളതായാണ് വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും പോലീസ് വിശദമായ അന്വേഷണം നടത്തുക.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:kottiyam woman suicide case police seized actress lakshmi pramod mobile phone