കൊട്ടിയം: വിവാഹം ഉറപ്പിച്ചശേഷം വരൻ പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണ സംഘത്തിനെതിരേ യുവതിയുടെ രക്ഷിതാക്കൾ. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇവർ സിറ്റി പോലീസ് കമ്മിഷണർക്ക് നിവേദനം നൽകി. പത്തുവർഷം നീണ്ട പ്രണയത്തിനിടെ ഇരുവീട്ടുകാരും ചേർന്ന് വളയിടീൽ ചടങ്ങുവരെ നടത്തി വിവാഹം ഉറപ്പിച്ചിരുന്നു. യുവാവിന്റെ വീട്ടുകാരുടെ സഹായത്തോടെ യുവതിയെ പലയിടത്തും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് രക്ഷിതാക്കളുടെ പരാതി.
ഗർഭിണിയായതോടെ മൂന്നാംമാസം വരനും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ച് ഗർഭഛിദ്രവും നടത്തിയതായി ഇവർ നൽകിയ പരാതിയിൽ പറയുന്നു. പള്ളിമുക്കിൽ ആരംഭിച്ച സ്ഥാപനത്തിന്റെ പേരിൽ നിരവധി തവണ യുവാവ് സ്വർണവും പണവും കൈപ്പറ്റിയിരുന്നു. പല കാരണങ്ങൾ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോയശേഷം ഒടുവിൽ വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഇതിൽ മനംനൊന്താണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. മരിക്കുന്നതിന് മുൻപ് യുവതി വരനുമായും ഇയാളുടെ അമ്മയുമായും നടത്തിയ ഫോൺ സംഭാഷണവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായി.
യുവതി ആത്മഹത്യചെയ്യാനിടയാക്കിയതിനെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ പോലീസിന് നൽകിയിട്ടും വിവാഹത്തിൽനിന്ന് പിന്മാറിയ പള്ളിമുക്ക് സ്വദേശി ഹാരിഷ് മുഹമ്മദിനെ മാത്രമാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്.
റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് പോലീസ് സ്വീകരിക്കുന്നത്. മരിച്ച യുവതിയുമായി കേരളത്തിനകത്തും പുറത്തുമായി നിരവധി വിനോദസഞ്ചാര മേഖലകളിൽ പോയിട്ടുള്ളതായി വിവരം ലഭിച്ചിട്ടും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഇവിടങ്ങളിൽ പോയി തെളിവുകൾ ശേഖരിക്കാൻ നടപടികൾ ഉണ്ടായിട്ടില്ല.
സി.എം.പി. അരവിന്ദാക്ഷൻ വിഭാഗവും പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കൊട്ടിയത്ത് തിങ്കളാഴ്ച പ്രതിഷേധപ്രകടനവും യോഗവും നടത്തിയിരുന്നു. ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, യുവതിയുടെ ആത്മഹത്യയിൽ തെളിവുകളെല്ലാം ഉറപ്പിച്ചതിന് ശേഷം മാത്രമേ പ്രതിയുടെ കുടുംബാംഗങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനാവൂ എന്നായിരുന്നു കൊട്ടിയം സി.ഐ.യുടെ പ്രതികരണം. പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിൽ വാങ്ങുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അന്വേഷണസംഘത്തിലുള്ള കൊട്ടിയം സി.ഐ. അടക്കമുള്ള ചില പോലീസ് ഉദ്യോഗസ്ഥർ നിലവിൽ ക്വാറന്റീനിൽ കഴിയുന്നതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. നേരത്തെ മറ്റൊരു കേസിൽ കൊട്ടിയം പോലീസ് പിടികൂടിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് സി.ഐ. അടക്കമുള്ളവർ ക്വാറന്റീനിൽ പോയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:kottiyam woman suicide allegations against police