കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ സീരിയൽ നടി ലക്ഷ്മി പ്രമോദും പ്രതിയുടെ കുടുംബാംഗങ്ങളും തങ്ങളുടെ നിരീക്ഷണത്തിൽ തന്നെയാണെന്ന് പോലീസ്. ഇവരിൽനിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ സൈബർ പോലീസ് സംഘം വിശദമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണ സംഘം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

സീരിയൽ നടിയെയും കുടുംബാംഗങ്ങളെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെയാരും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. റിമാൻഡിലുള്ള പ്രതി ഹാരിഷ് മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങിയാലേ തെളിവെടുപ്പും കൂടുതൽ പേരെ പ്രതി ചേർക്കുന്ന നടപടികളിലേക്കും കടക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു. സീരിയൽ നടി ഉൾപ്പെടുന്ന പ്രതിയുടെ കുടുംബാംഗങ്ങൾ നേരത്തെ താമസിച്ചിരുന്ന വീട്ടിൽനിന്ന് ദിവസങ്ങൾക്ക് മുമ്പ് തന്നെ താമസം മാറിയതാണെന്നും പോലീസ് പറയുന്നു.

ഹാരിഷ് മുഹമ്മദിനെ എത്രയും പെട്ടെന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് സംഘത്തിന്റെ ശ്രമം. ഇയാളെ കസ്റ്റഡിയിൽ വാങ്ങി യുവതിയുമായി പോയ സ്ഥലങ്ങളിൽ തെളിവെടുപ്പും നടത്തും. അതേസമയം, കേസിൽ പ്രതി ചേർക്കാനുള്ള സാധ്യത കൂടിയതിനാൽ സീരിയൽ നടി ഉൾപ്പെടെയുള്ള ഹാരിഷിന്റെ കുടുംബാംഗങ്ങൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.

വിവാഹത്തിൽനിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊട്ടിയത്തെ യുവതി വീട്ടിനുള്ളിൽ ജീവനൊടുക്കിയത്. വിവാഹനിശ്ചയവും വളയിടൽ ചടങ്ങും കഴിഞ്ഞ ശേഷമായിരുന്നു പ്രതിശ്രുത വരൻ ഹാരിഷ് മുഹമ്മദും കുടുംബവും വിവാഹത്തിൽനിന്ന് പിന്മാറിയത്. എട്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്.

ഇതിനുശേഷം ഹാരിഷ് യുവതിയെ പലയിടങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും യുവതിയുടെ കുടുംബത്തിൽനിന്ന് പണവും സ്വർണവും കൈക്കലാക്കുകയും ചെയ്തിരുന്നു. ഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദും പലദിവസങ്ങളിലും യുവതിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയി. നടിയുടെ കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞ് സീരിയൽ ലൊക്കേഷനുകളിലേക്കും ഒപ്പം കൂട്ടി. യുവതി ഗർഭിണിയായപ്പോൾ വിവാഹം കഴിഞ്ഞെന്ന വ്യാജരേഖ ചമച്ച് ഗർഭഛിദ്രം നടത്തിയതിലും സീരിയൽ നടിക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:kottiyam suicide allegation against serial actress lekshmi pramod police response about investigation