കൊട്ടിയം : കൊറ്റങ്കര അയ്യരുമുക്കിനടുത്ത് പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത്ത് ജോണ്‍സനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയ ഇരുപത്തൊന്നുകാരനെ തമിഴ്‌നാട്ടില്‍നിന്ന് പോലീസ് പിടികൂടി. കൊല്ലം തൃക്കോവില്‍വട്ടം ഡീസന്റ്മുക്ക് കോണത്തു വടക്കതില്‍ വിഷ്ണു(21)വാണ് അറസ്റ്റിലായത്. തമിഴ്‌നാട് ചെങ്കോട്ടയ്ക്കടുത്ത് ആലംകുളത്തുനിന്നാണ് സിറ്റി ഷാഡോ പോലീസ് ടീം ഇയാളെ പിടികൂടിയത്. രഞ്ജിത്തിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊന്നുകുഴിച്ചുമൂടുന്നതുവരെ സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതിനാല്‍ മുഖം മറച്ചാണ് പ്രതിയെ കോടതിയിലെത്തിച്ചത്. നിരവധി മാലപൊട്ടിക്കല്‍ കേസുകളിലും എക്‌സൈസ് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

രഞ്ജിത്തിന്റെ വീട്ടില്‍ പ്രാവുകളെ വാങ്ങാനെന്ന വ്യാജേനയാണ് വിഷ്ണുവും ഉണ്ണിയും എത്തുന്നത്. ഓഗസ്റ്റ് 15-ന് മൂന്നരയോടെയാണ് ഇവര്‍ ഉള്‍പ്പെട്ട നാലംഗസംഘം എത്തിയത്. രഞ്ജിത്തിനെ വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയത് വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇയാള്‍ സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടതോടെ ഒളിവില്‍ പോകുകയായിരുന്നു. അച്ഛന്റെ സ്ഥലമായ തിരുനെല്‍വേലിക്കടുത്ത് ആലംകുളത്തേക്കാണ് മുങ്ങിയത്. അവിടെ ഒളിവില്‍ കഴിയുന്നതിനിടയില്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് കാലിനു പരിക്കേറ്റു. വിവരം ഇയാള്‍ കൊല്ലത്തുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചു. ഇതോടെ മാതാപിതാക്കള്‍ തമിഴ്‌നാട്ടിലേക്ക് പോയി. വിഷ്ണുവിന്റെ മാതാപിതാക്കളെ പിന്തുടര്‍ന്ന് പോലീസ് തമിഴ്‌നാട്ടില്‍ എത്തിയപ്പോഴേക്കും ഇയാള്‍ അവിടെനിന്ന് മുങ്ങിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.

കൊല നടത്തിയ പോളച്ചിറയിലും രഞ്ജിത്തുമായി ആദ്യം പോയ പുതുച്ചിറയിലും മൃതദേഹം കുഴിച്ചിട്ട തമിഴ്‌നാട്ടിലും ഇയാളെ കൊണ്ടുപോയി പോലീസ് തെളിവെടുക്കും. ഗോവയില്‍ വെല്‍ഡിങ് തൊഴിലാളിയായിരുന്ന വിഷ്ണു ഒരുമാസംമുന്‍പാണ് നാട്ടിലെത്തി ക്വട്ടേഷന്‍ സംഘത്തില്‍ കണ്ണിയായത്. കേസില്‍ പ്രധാന പ്രതിയായ മനോജ്, കുക്കു, ഉണ്ണി എന്നിവര്‍ പിടിയിലാകാനുണ്ട്.