കൊച്ചി: പ്രതിശ്രുത വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതിനെത്തുടർന്ന് കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പി. പ്രമോദിനും ഭർത്താവ് അസറുദ്ദീനും കീഴ്കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരേ സർക്കാർ നൽകിയ അപ്പീലിൽ പ്രതികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകണമെന്ന മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ ജസ്റ്റിസ് വി.ജി. അരുൺ മരവിപ്പിക്കുകയും ചെയ്തു.

കൊല്ലം വടക്കേവിള സ്വദേശിയായ അസറുദ്ദീന്റെ സഹോദരൻ ഹാരിസാണ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി റംസിയെ കബളിപ്പിച്ചത്. ഏഴു വർഷത്തോളം ഇവർ പ്രണയത്തിലായിരുന്നു. പിന്നീട് ഇയാൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതറിഞ്ഞ് സെപ്റ്റംബർ മൂന്നിന് റംസി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചെന്നാണ് കേസ്.

ഹാരിസുമായി അടുപ്പത്തിലായിരിക്കെ റംസി ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രത്തിന് ലക്ഷ്മിയും ഭർത്താവും അവരെ ഭീഷണിപ്പെടുത്തിയെന്നും വിവാഹത്തിൽനിന്ന് പിന്മാറാൻ നിർബന്ധിച്ചെന്നും കേസുണ്ട്. റംസിയുടെ ആത്മഹത്യയെത്തുടർന്ന് ഒളിവിൽ പോയ ലക്ഷ്മിയും ഭർത്താവും നൽകിയ ഹർജിയിലാണ് കൊല്ലം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

Content Highlights:kottiyam ramsi suicide case high court notice against lekshmi pramod and her husband