കൊട്ടിയം(കൊല്ലം): പോലീസിൽ പരാതിനൽകിയ വിരോധത്തിൽ ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെയും ആക്രമണത്തിനുവേണ്ടി ഇയാൾക്ക് ആസിഡ് നൽകിയ സുഹൃത്തിനെയും ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. വാളത്തുംഗൽ ഇല്ലം നഗർ 161 സഹൃദയ ക്ലബ്ബിന് സമീപം മങ്കാരത്ത് കിഴക്കതിൽ ജയൻ (36), ആസിഡ് നൽകിയ മയ്യനാട് വടക്കുംകര പടിഞ്ഞാറ് വള്ളിയമ്പലത്തിന് വടക്ക് പ്രശോഭാ ഭവനിൽ സുരേഷ് (35) എന്നിവരാണ് അറസ്റ്റിലായത്. ഭാര്യ രജി, 14 വയസ്സുള്ള മകൾ ആദിത്യ എന്നിവരുടെ മുഖത്തും ശരീരത്തിലും ജയൻ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികൾക്കും ആസിഡ് വീണ് പൊള്ളലേറ്റിരുന്നു. സാരമായി പരിക്കേറ്റ രജിയും ആദിത്യയും ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഡിസംബർ ഒന്നിനായിരുന്നു സംഭവം. രജി ലോട്ടറിക്കടയിൽ ജോലിക്കുപോയത് ചോദ്യംചെയ്ത് ജയൻ വീട്ടിൽ വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്തു. ഇതിനെതിരേ അവർ പോലീസിൽ പരാതിനൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പോലീസ് മടങ്ങിയശേഷം ആസിഡുമായെത്തിയ ജയൻ ഭാര്യയ്ക്കും മകൾക്കും നേരേ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ജയനുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണന്റെ നിർദേശപ്രകാരം അസി. കമ്മിഷണർ പ്രദീപിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം കല്ലുവാതുക്കലിൽനിന്ന് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ജയനെ പിടികൂടിയത്. ഇയാളിൽനിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആസിഡ് നൽകിയ സുരേഷിനെ വലയിലാക്കിയത്. സുരേഷ് ചാത്തനൂർ പോലീസ് രജിസ്റ്റർ ചെയ്ത കൊലക്കേസിലെ പ്രതിയാണ്.

പ്രതികളെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ നാട്ടുകാർ സംഘടിച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.

ഇരവിപുരം എസ്.എച്ച്.ഒ. വിനോദ് കെ., എസ്.ഐ.മാരായ അനീഷ് എ.പി., ദീപു, അഭിജിത്ത്, നിത്യാസത്യൻ, ജി.എസ്.ഐ. പ്രമോദ്, സുനിൽ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആശുപത്രിയിൽ കഴിയുന്ന കുട്ടിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലീഗൽ സർവീസ് അതോറിറ്റി മുഖേന ഇരവിപുരം പോലീസ് നൽകുന്നുണ്ട്.

Content Highlights:kottiyam acid attack case accused arrested