കോട്ടയം: പങ്കാളികളെ കൈമാറിയ കേസിലെ മുഖ്യപ്രതി സാമൂഹികമാധ്യമങ്ങളിലെ നിരവധി 'കപ്പിള്‍ സ്വാപ്പിങ്' ഗ്രൂപ്പുകളില്‍ അംഗമാണെന്ന് പോലീസ്. പരാതിക്കാരിയുടെ ഭര്‍ത്താവാണ് കോട്ടയം കേന്ദ്രീകരിച്ചുള്ള ഇരുപതോളം കപ്പിള്‍ സ്വാപ്പിങ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പുകളും അഡ്മിന്മാരുമെല്ലാം നിലവില്‍ നിരീക്ഷണത്തിലാണെന്നും പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. 

'കോട്ടയം സ്വിങ്ങേഴ്‌സ്', 'മല്ലു കപ്പിള്‍' തുടങ്ങിയ പേരുകളിലാണ് കോട്ടയം കേന്ദ്രീകരിച്ച് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ടെലഗ്രാമിലും വാട്‌സാപ്പിലുമെല്ലാം ഈ ഗ്രൂപ്പുകളുണ്ട്. എന്നാല്‍ കോട്ടയത്ത് പോലീസ് കേസെടുക്കുകയും ആറുപേര്‍ പിടിയിലാവുകയും ചെയ്തതോടെ പല ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. മിക്ക ഗ്രൂപ്പുകളില്‍നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ 'ലെഫ്റ്റ്' ചെയ്യുന്നുമുണ്ട്. അതിനാല്‍തന്നെ പലവിവരങ്ങളും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പുരോഗമിക്കുന്നത്. 

അതിനിടെ, പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ സഹോദരനും രംഗത്തെത്തി. സഹോദരിയെ ഭര്‍ത്താവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികളെ കൊല്ലുമെന്ന് വരെ പറഞ്ഞതായും സഹോദരന്‍ പറഞ്ഞു. 

കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടിയും പണം സമ്പാദിക്കാന്‍ വേണ്ടിയും ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടണമെന്നാണ് പരാതിക്കാരിയോട് ഭര്‍ത്താവ് പറഞ്ഞിരുന്നത്. സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കുടുംബത്തെ കേസില്‍ കുടുക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പങ്കാളികളെ കൈമാറിയ കേസില്‍ നിലവില്‍ ആറുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ആകെ ഒമ്പത് പേരാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. ഇതിലൊരാള്‍ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, പരാതിക്കാരിയെ കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇവരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.  

Content Highlights: kottayam wife swapping case main accused active in many couple swapping groups