കറുകച്ചാല്‍: പങ്കാളിയെ ലൈംഗികബന്ധത്തിന് കൈമാറുന്ന സംഘത്തില്‍ ഒരു തവണ വന്ന് കുടുങ്ങിയവരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് പലതവണ ചൂഷണം നടത്തിയതായി സംശയം. പലരും സംഘത്തില്‍നിന്ന് രക്ഷപ്പെടാനാകാത്തവിധം അടിമകളായിട്ടുണ്ടെന്നാണ് പരാതിപ്പെട്ട യുവതിയുടെ മൊഴിയില്‍നിന്ന് പോലീസിന് ലഭിച്ച സൂചന. ഇവരുടെ ഭര്‍ത്താവ് നിരവധി അശ്ലീല കൂട്ടായ്മകളില്‍ പങ്കുവഹിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള ആറ് പ്രതികളാണ് നിലവില്‍ അറസ്റ്റിലായത്. മൂന്നുപേരെക്കൂടി കണ്ടെത്താനുണ്ട്. ഇതിലൊരാള്‍ കഴിഞ്ഞ ദിവസം സൗദിയിലേക്ക് കടന്നിരുന്നു. മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.

നവമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന 14 സംഘങ്ങളെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നിരവധി സ്ത്രീകള്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ ഇരയായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. എന്നാല്‍ കൂടുതല്‍ പരാതി ലഭിച്ചിട്ടില്ല. പിടിയിലായ പ്രതികളുടെ ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ കേന്ദ്രീകരിച്ച്് അന്വേഷണം നടത്തുന്നുണ്ട്.

വീഡിയോ ചിത്രീകരിച്ചു, ബ്ലാക്ക്‌മെയില്‍ ചെയ്തു

ഒരു ഭര്‍ത്താവും ചെയ്യാത്ത വൃത്തികേടുകള്‍ ചെയ്തുകൂട്ടിയപ്പോഴും അവള്‍ എല്ലാം സഹിച്ചത് രണ്ടു മക്കളെ ഓര്‍ത്താണെന്ന് പരാതിക്കാരിയുടെ സഹോദരന്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റുള്ള ആണുങ്ങളോടൊപ്പം കഴിയണമെന്ന് അയാള്‍ പലവട്ടം നിര്‍ബന്ധിച്ചിരുന്നു. സഹികെട്ടപ്പോള്‍ അവള്‍ വീട്ടിലേക്ക് വന്നു. അന്ന് ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ വെറുതെ പറഞ്ഞതാണെന്നും തന്റെ ഭാഗത്തുനിന്നു ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ലെന്നും പറഞ്ഞ് അയാള്‍ അവളെ വീണ്ടും കൂട്ടിക്കൊണ്ടുപോയി. 

താന്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞാല്‍ മക്കളെയും അവളെയും കൊല്ലുമെന്നും ആത്മഹത്യചെയ്യുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ഭര്‍ത്താവിനോടും മക്കളോടുമുള്ള അവളുടെ സ്‌നേഹം അയാള്‍ മുതലെടുത്തു. ഭീഷണിയുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ചിത്രങ്ങളും വീഡിയോയും അയാള്‍ സൂക്ഷിച്ചിരുന്നു. ഇത് ഞങ്ങളുടെ കുടുംബത്തെ കാണിക്കുമെന്നും അവളോട് പറഞ്ഞു. ഇതോടെ മറ്റ് മാര്‍ഗമില്ലാതെ അവള്‍ക്ക് അയാള്‍ പറയുന്നത് കേള്‍ക്കേണ്ടിവന്നു -സഹോദരന്‍ പറഞ്ഞു.

Content Highlights : Details on Kottayam Wife Swap Case