കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നിലവില്‍ കുടുംബവുമായി അടുപ്പമുള്ളവരെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതോടൊപ്പം മറ്റ് ആറ് സാധ്യതകളും പോലീസ് പരിശോധിക്കുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് വിവരം ശേഖരിക്കുന്നുണ്ട്. 

അതിനിടെ, വീട്ടില്‍നിന്ന് കാണാതായ രണ്ട് മൊബൈല്‍ ഫോണുകളില്‍ ഒന്ന് കണ്ടെത്തി. കാണാതായ കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്.കാറിന്റെ വൈക്കം വരെയുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് നായ കാര്‍ പോയതിന് എതിര്‍വശത്തേക്ക് ഓടിപ്പോയത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. അതിനാല്‍ കൃത്യത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. 

തിങ്കളാഴ്ച വൈകുന്നേരമാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 10 വര്‍ഷം മുമ്പ് പക്ഷാഘാതം ഉണ്ടായ മുഹമ്മദ് സാലിയുടെ ആരോഗ്യസ്ഥിതി മെച്ചമായില്ല. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. സമീപകാലത്ത് ഇദ്ദേഹം മോശം ആരോഗ്യനിലയിലായിരുന്നു. സംസാരിക്കാനും പ്രയാസമുണ്ടായിരുന്നു. സ്ഥിതി മെച്ചമായാല്‍ ഇദ്ദേഹത്തിന് എത്രമാത്രം സംസാരിക്കാന്‍ കഴിയും എന്നത് അന്വേഷണത്തില്‍ നിര്‍ണായകമാകും.

പോലീസ് നോക്കുന്ന സാധ്യതകള്‍

നല്ല സാമ്പത്തികശേഷിയുള്ള ഇവരില്‍നിന്ന് പണം കവരാനുള്ള ശ്രമം. അതിനിടെയുണ്ടായ അക്രമം

പ്രദേശത്ത് ഇടയ്ക്കിടെ വരുന്നതായി പറയുന്ന മയക്കുമരുന്ന് സംഘം. അവര്‍ പണത്തിന് അക്രമം നടത്തിയോ എന്ന് സംശയം

കുടുംബവുമായി ഏതെങ്കിലും തരത്തില്‍ ശത്രുതയുള്ളവരുണ്ടോ.

ക്രൂരമായ ആക്രമണരീതിയും സംശയം ഉണ്ടാക്കുന്നു. ഷോക്കടിപ്പിക്കാന്‍ ശ്രമിക്കുക, പാചകവാതകം തുറന്നുവിടുക, തലയ്ക്ക് അടിക്കുക എന്നിവ സംഭവിച്ചതിനാല്‍ മോഷണത്തിനപ്പുറം സാധ്യത പരിശോധിക്കണം.

Content Highlights: kottayam sheeba murder case