കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാണാതായ കുഞ്ഞിനെ മുക്കാല്‍ മണിക്കൂറിനുള്ളില്‍ കണ്ടെത്താന്‍ ഗാന്ധിനഗര്‍ പോലീസിന് കഴിഞ്ഞത് പോലീസ് സേനയ്ക്ക് അഭിമാനമായി. മുമ്പ് കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ പോലീസിനെതിരേ ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതെല്ലാം പഴങ്കഥയാക്കി ഇപ്പോള്‍ നേട്ടത്തിന്റെ പൊന്‍തൂവലണിയുകയാണ് ഗാന്ധിനഗര്‍ പോലീസ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കുഞ്ഞിനെ കാണാതായശേഷം അരമണിക്കൂറോളം കഴിഞ്ഞാണ് കുട്ടിയെ മോഷ്ടിച്ചതാണ് എന്ന വിവരം ബന്ധുക്കള്‍പോലും തിരിച്ചറിഞ്ഞത്. ഏതാണ്ട് നാലുമണിയോടെ മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഗാന്ധിനഗര്‍ പോലീസിന് കൈമാറിക്കിട്ടുന്നത്. തുടര്‍ന്ന് ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ഷിജിയും, എസ്.ഐ. ടി.എസ്. റെനീഷും സംഘവും ഉടന്‍ തന്നെ പാഞ്ഞെത്തുകയായിരുന്നു.

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും ഉടന്‍ തന്നെ ഗാന്ധിനഗര്‍ പോലീസിന്റെ സന്ദേശം പ്രവഹിച്ചു.

ജില്ലയിലെ അതിര്‍ത്തികളില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന തുടങ്ങി. ബൈക്കുകളടക്കം തടഞ്ഞ് പരിശോധിച്ചു. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പാറാവ് നില്‍ക്കുന്ന ഒരാളൊഴികെ മറ്റെല്ലാവരും തിരച്ചിലിനായി രംഗത്തിറങ്ങി. മെഡിക്കല്‍ കോളേജിലെ ടാക്സി ഡ്രൈവര്‍മാര്‍, ഓട്ടോഡ്രൈവര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍ എന്നിവരുടെയെല്ലാം വാട്സ്ആപ് ഗ്രൂപ്പുകളില്‍ സന്ദേശം പറന്നെത്തി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ മറ്റൊരു കേസിന്റെ മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ സ്റ്റേഷനിലെ പോലീസുകാരായ അരവിന്ദന്‍, വേണി എന്നിവര്‍ മെഡിക്കല്‍ കോളേജിലുണ്ടായിരുന്നു. പൊരിവെയിലത്ത് ഒരു കുഞ്ഞിനെയും പൊതിഞ്ഞുപിടിച്ച് ഒരു സ്ത്രീ വേഗത്തില്‍ നടന്നുപോകുന്നത് ഇവരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതോടെ കുഞ്ഞിനെ തട്ടിയെടുത്തതാണെന്ന് വ്യക്തമായി. ഈ സമയത്താണ് പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഹോട്ടലിലുണ്ടെന്ന് മാനേജര്‍ പോലീസിനെ അറിയിച്ചത്.

ഈ സംഭവത്തില്‍ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കിട്ടിയെന്നും പോലീസിന്റെ ജോലി ജനങ്ങള്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും എസ്.പി. ഡി.ശില്‍പ്പ അറിയിച്ചു.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം

കോട്ടയം: ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരം. വെള്ളിയാഴ്ച രാത്രിയോടെ കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി.

വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കുട്ടിയെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാര്‍ അറിയിച്ചു.

ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്നാണ് കുട്ടിയെ വെള്ളിയാഴ്ച വൈകീട്ട് വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ശനിയാഴ്ച അമ്മയെയും കുട്ടിയെയും ഡിസ്ചാര്‍ജ് ചെയ്യും.