കോട്ടയം: ജനിച്ചതിന്റെ രണ്ടാംദിവസം അമ്മയ്ക്കരികില്‍നിന്ന് തട്ടിയെടുക്കപ്പെട്ടു, പക്ഷേ, നിമിഷങ്ങള്‍ക്കകം അവള്‍ അമ്മയുടെ കൈകളില്‍ തന്നെ തിരിച്ചെത്തി. പോരാടി ജയിച്ചവള്‍, ഇനി അവളുടെ പേര് അജയ്യ. 

കഴിഞ്ഞദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും പിന്നീട് പോലീസ് കണ്ടെത്തുകയും ചെയ്ത പെണ്‍കുഞ്ഞിനാണ് അജയ്യ എന്ന പേരിട്ടിരിക്കുന്നത്. വണ്ടിപ്പെരിയാറിലെ ശ്രീജിത്ത്-അശ്വതി ദമ്പതിമാരുടെ മകള്‍ക്ക് ഈ പേര് നിര്‍ദേശിച്ചത് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. റെനീഷാണ്. പോരാട്ടങ്ങളെ അതിജീവിച്ചവളാണ് മകളെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. ഇതോടെയാണ് അജയ്യ എന്ന പേര് നിര്‍ദേശിച്ചതെന്ന് എസ്.ഐ. റെനീഷ് മാധ്യമങ്ങളോട് പറഞ്ഞു. 

'കുട്ടിയെ തിരികെ ഏല്‍പ്പിച്ചപ്പോള്‍ പോലീസ് സേനയ്ക്ക് ലഭിച്ചത് ജീവശ്വാസമാണ്. ഏതാനുംനാളുകളായി പോലീസ് സേനയിലെ ഒരോരുത്തരും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുകയായിരുന്നു. ഓരോ പോലീസുകാരനും ഇത് അഭിമാനിക്കാവുന്ന സംഭവമാണ്'- ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ പോലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച മധുരവിതരണത്തിന് ശേഷം എസ്.ഐ. റെനീഷ് തന്റെ സന്തോഷം പങ്കുവെച്ചു.

അതിനിടെ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരിയെ ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പ്രതി നീതു കുഞ്ഞുമായി വാര്‍ഡില്‍നിന്ന് പോകുമ്പോള്‍ സുരക്ഷാജീവനക്കാരി അശ്രദ്ധമായി കസേരയില്‍ ഇരിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് ജീവനക്കാരിക്കെതിരേ നടപടി സ്വീകരിച്ചത്. 

Content Highlights: Kottayam Medical College child kidnap Case; SI Reneesh given name to new born baby