മരങ്ങാട്ടുപിള്ളി: ഇരുവിഭാഗങ്ങൾ പരസ്പരം വീടുകയറി ആക്രമിച്ച സംഭവത്തിൽ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കണ്ണഞ്ചിറ വീട്ടിൽ വർക്കിയുടെ മകൻ ജോസ് (അനി-50) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 26-ന് രാത്രിയായിരുന്നു സഘർഷം.

ജോസിനെയും(അനി) കുടുംബത്തെയും വീടുകയറി ആക്രമിച്ച കേസിൽ പ്രതികളായ കുര്യത്ത് കിഴക്കേൽ തോമസ് ചാക്കോ (പ്രകാശൻ-50), അയൽവാസി നൂറുമാക്കിയിൽ ടോമി (49) എന്നിവർ റിമാൻഡിലാണ്. ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ തോമസ് ചാക്കോയുടെ സഹോദരൻ സാബു (53), ചിറ്റക്കാട്ട്പടവിൽ ജോഷി (49) എന്നിവർ ഒളിവിലാണ്.

തോമസ് ചാക്കോയെ വീടുകയറി ആക്രമിച്ച കേസിൽ ജോസ്, അമൽ (21), ആൽബിൻ (24), ഭാര്യ ഷൈല (45) എന്നിവർ പ്രതികളാണ്. ഇവരിൽ മക്കൾ അറസ്റ്റിലായി കോടതി റിമാൻഡിലാണ്. അക്രമത്തിൽ പരിക്കേറ്റ ഷൈല ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മരിച്ച ജോസിന്റെ മകൻ അമലും തോമസ് ചാക്കോയും തടിവെട്ട് തൊഴിലാളികളാണ്. പണി കഴിഞ്ഞെത്തിയ ഇവർ വീടിന് സമീപത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുമ്പിൽ വച്ച് തർക്കമുണ്ടാക്കി. തുടർന്ന് വീട്ടിൽ എത്തിയ അമൽ, അച്ഛൻ, അമ്മ, സഹോദരൻ എന്നിവർക്കൊപ്പം തോമസ് ചാക്കോയുടെ വീട്ടിലെത്തി.

കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചു. ഈ അക്രമത്തിൽ തോമസ് ചാക്കോയ്ക്കും സംഘത്തിനും പരിക്കേറ്റു. വിവരമറിഞ്ഞ് മരങ്ങാട്ടുപിള്ളി പോലീസ് സംഭവസ്ഥലത്ത് എത്തി. തോമസ് ചാക്കോയെയും സംഘത്തെയും മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലാക്കി മടങ്ങി.

പോലീസ് പോയതോടെ തോമസ് ചാക്കോയും സംഘവും കമ്പിവടി, മഴു തുടങ്ങിയ ആയുധങ്ങളുമായി മരിച്ച ജോസിന്റെ വീട്ടിലെത്തി. ഈ അക്രമത്തിലാണ് ജോസിനും ഭാര്യ ഷൈലക്കും പരിക്കേറ്റത്.

കഴുത്തിന് പുറകിലും കാലിനും വെട്ടേറ്റ ജോസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം അതിതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. അടുത്തിടെ ജോസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അക്രമത്തിലേറ്റ പരിക്കാണോ കോവിഡ് ആണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നമുറയ്ക്കേ അറിയാൻ കഴിയൂവെന്ന് കേസന്വേഷിക്കുന്ന പാലാ ഡിവൈ.എസ്.പി. പ്രഭുല്ലചന്ദ്രൻ പറഞ്ഞു.