മാഞ്ഞൂര്‍: കുഞ്ഞിനെ മുലയൂട്ടാന്‍ സൗകര്യം തേടിയെത്തി പണം മോഷ്ടിച്ചെന്നത് തെറ്റെന്ന് ആരോപണവിധേയര്‍. ഞായറാഴ്ച മാഞ്ഞൂര്‍ സൗത്ത് കിഴവള്ളില്‍ സജിയുടെ വീട്ടില്‍നിന്ന് 35,000 രൂപ കാണാതായെന്ന കേസിലാണ് വഴിത്തിരിവ്.

തിങ്കളാഴ്ച രാവിലെ പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സജിയുടെ വീട്ടിലെത്തിയ സ്ത്രീകള്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തിയത്. പണം അപഹരിച്ചിട്ടില്ലെന്ന് ഇവര്‍ പോലീസിനെ അറിയിച്ചു.

സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് കാറിന്റെ നമ്പര്‍ കണ്ടെത്താന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് എസ്.എച്ച്.ഒ. കെ.എസ്.ജയനും എസ്.ഐ. ശ്യാംകുമാറും പറഞ്ഞു. പഴ്‌സ് അലമാരയില്‍ വെക്കുന്നതിന് മുമ്പ് പണം നഷ്ടപ്പെട്ടോയെന്ന് പരിശോധിക്കണം. വിരലടയാളം ലഭിച്ചാല്‍ വ്യക്തത വരുമെന്ന് പോലീസ് കരുതുന്നു.

സജിയും കുടുംബവും മുറ്റത്ത് നില്‍ക്കുമ്പോഴാണ് കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളെ കണ്ടത്. തുടര്‍ന്ന് ഇവരെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഇവര്‍ പോയ ശേഷമാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നതെന്നാണ് സജിയും കുടുംബാംഗങ്ങളും പോലീസിനോട് പറഞ്ഞത്.

Content Highlights: kottayam manjoor theft followup