കുറവിലങ്ങാട്(കോട്ടയം): തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തി നീരൊഴുക്കുള്ള ചാലില്‍ കെട്ടിത്താഴ്ത്തി ഒളിവില്‍പ്പോയ ആളെ 24 വര്‍ഷത്തിനു ശേഷം പിടികൂടി. കുറുമുള്ളൂര്‍ കുറ്റിപ്പറമ്പില്‍ വര്‍ക്കി(53)യെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കുഴിവേലിപ്പടിഭാഗത്ത് അമ്മിണിശേരില്‍ ബെന്നി(22)യെയാണ് കൊലപ്പെടുത്തിയത്.

1996 ഓഗസ്റ്റ് 23-നായിരുന്നു കേസിനാസ്പദമായ സംഭവം. ബെന്നിയും വര്‍ക്കിയും സുഹൃത്തുക്കളായിരുന്നു. ഒരു വീട്ടില്‍ വര്‍ക്കി മുട്ട വാങ്ങാന്‍ പോകുന്നതിനെച്ചൊല്ലി സംഭവത്തിന്റെ തലേ ദിവസം ഇരുവരും വഴക്കിട്ടിരുന്നു. 23-ന് രാത്രി മറ്റൊരു വീട്ടില്‍പ്പോയി ടി.വിയില്‍ ഫുട്ബോള്‍ കളി കണ്ട് മടങ്ങുംവഴി ഇവരുടെ വീടിനു സമീപത്തുള്ള കലുങ്കിനടുത്ത് ബെന്നിയെ വര്‍ക്കി ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ബെന്നിയെ നീരൊഴുക്കുള്ള ചാലില്‍ കല്ലുകെട്ടി താഴ്ത്തി.

പിന്നീട്, നീര്‍ച്ചാലില്‍നിന്ന് മൃതദേഹം കണ്ടെടുത്തു. തലേ ദിവസം ഇരുവരും വഴക്കുണ്ടാക്കിയതും ബെന്നിയെ കാണാതായതു മുതല്‍ വര്‍ക്കി ഒളിവില്‍ പോയതും അന്വേഷണം ഈ വഴിക്ക് തിരിയാന്‍ കാരണമായി.

ഷിമോഗ, കാസര്‍കോട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ റബ്ബര്‍ വെട്ടി ജീവിതം കഴിച്ചിരുന്ന വര്‍ക്കി തിങ്കളാഴ്ച കുറുമുള്ളൂരിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്.

Content Highlights: kottayam kuruvilangad benny murder case; accused arrested after 24 years