കോട്ടയം: കത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളിൽ എം.ബി.ബി.എസ് കോഴ്സിന് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കാത്തലിക് ഫോറം പ്രസിഡന്റും കേരള യുണൈറ്റഡ് ക്രിസ്ത്യൻ ഓർഗനൈസേഷൻ പി.ആർ.ഒ.യുമായ തിരുവല്ല പെരുന്തുരുത്തി കാവുംഭാഗം പഴയചിറ വീട്ടിൽ ബിനു ചാക്കൊയ്ക്കെതിരേ നിരവധി പരാതികൾ. ഇയാൾ പലരിൽനിന്ന് ഒരുകോടിയിലേറെ രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

അറസ്റ്റ് വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ബുധനാഴ്ച 20-ലേറെ പരാതികളാണ് ലഭിച്ചത്. കത്തോലിക്കാ സഭയുടെ മറവിലാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. റയിൽവെ, ഫെഡറൽ ബാങ്ക്, കാത്തലിക് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി നൽകാമെന്ന് പറഞ്ഞ് ബിനു ചാക്കൊയും മറ്റൊരാളും ചേർന്ന് ഒരുകോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കുറവിലങ്ങാട് പോലീസ് കേസെടുത്തു.

ചങ്ങനാശ്ശേരി സ്വദേശിക്ക് കുറഞ്ഞ പലിശയ്ക്ക് ബിസിനസ് വായ്പ തരപ്പെടുത്തിനൽകാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുത്തതിന് കേസുണ്ട്. നേരത്തെ ജയിലിൽ കിടന്ന സമയം പരിചയപ്പെട്ട മോഷ്ടാവിന്റെ സഹായത്തോടെ ബിവറേജസിൽ മോഷണം നടത്തിപ്പിച്ചതിന് ഗാന്ധിനഗർ പോലീസിൽ കേസുണ്ട്. ക്രൈംബ്രാഞ്ചിലുൾപ്പെടെ നിരവധി ചെക്ക് കേസുകളും, പാലക്കാട് പോലീസിൽ പണംതട്ടിപ്പിനും ഇയാൾക്കെതിരേ കേസുണ്ട്. പത്ത് ലക്ഷം രൂപ തട്ടിയെടുത്തതിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസുണ്ട്. ഇത്തരത്തിൽ നിരവധിയാളുകളിൽ നിന്നായി കോടികൾ തട്ടയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ബാങ്ക് അക്കൗണ്ട് പോലീസ് പരിശോധിച്ചെങ്കിലും തുക കണ്ടെത്താനായില്ല. അക്കൗണ്ട് വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ആഡംബര ജീവിതമാണ് പ്രതി നടത്തിവന്നത്. മുന്തിയ ഫ്ലാറ്റുകളിൽ താമസിച്ച് വാടകനൽകാതെ മുങ്ങുന്നത് ഇയാളുടെ പതിവാണെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിലുള്ള നിരവധി പരാതികളുമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ചും സുഹൃത്തുക്കളുടെ മുന്തിയ വാഹനങ്ങളിൽ കറങ്ങിനടന്നുമാണ് തട്ടിപ്പ് നടത്തുന്നത്.

ബിഷപ്പുമാരുടെയും മറ്റ് നേതാക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾകാട്ടിയാണ് ഇരകളെ വീഴ്ത്തുന്നത്. 21 ലക്ഷം തട്ടിയെന്ന ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് കോട്ടയം വെസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ എം.ജെ.അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വരും ദിവസങ്ങളിൽ കൂടുതൽ പരാതികളെത്തുമെന്ന നിഗമനത്തിലാണ് പോലീസ്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

Content Highlights:kottayam fraud case accused binu chacko