കോട്ടയം: അഞ്ജു പി.ഷാജി കോപ്പിയടിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടോയെന്നറിയാന്‍ പോലീസ് കാലിഗ്രാഫി പരിശോധന നടത്തും. ഇതിനായി, വീട്ടില്‍നിന്ന് അഞ്ജുവിന്റെ നോട്ടുപുസ്തകത്തിലെ കൈയക്ഷരം എടുക്കും. പരീക്ഷാഹാളിലുണ്ടായിരുന്ന അധ്യാപകന്‍, അടുത്തിരുന്ന കുട്ടികള്‍ എന്നിവരുടെ മൊഴിയും എടുക്കും.

ഇതിനായി രണ്ട് സി.ഐ.മാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ്‌കുമാര്‍ പറഞ്ഞു. കുട്ടി പരീക്ഷയെഴുതിയ കോളേജ്, സര്‍വകലാശാലാചട്ടം പാലിച്ചോ എന്നതും അന്വേഷിക്കും. എം.ജി. സര്‍വകലാശാലയും പ്രത്യേകസംഘത്തെ വിഷയം പരിശോധിക്കാന്‍ നിയോഗിച്ചു.

പരീക്ഷയെഴുതാന്‍പോയി കാണാതായ പൊടിമറ്റം പൂവത്തോട് അഞ്ജു പി.ഷാജിയെ തിങ്കളാഴ്ച മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കോപ്പിയടിച്ചതിന് വിദ്യാര്‍ഥിനിയെ പിടിച്ചെന്നും വിശദീകരണം എഴുതിനല്‍കാതെ പോയെന്നുമാണ് ചേര്‍പ്പുങ്കല്‍ ബി.വി.എം. കോളേജ് അധികാരികളുടെ മൊഴി. എന്നാല്‍, കുട്ടിയുടെ കോപ്പി വ്യാജമായി തയ്യാറാക്കിയെന്നും മാനസികപീഡനം ഉണ്ടായെന്നുമാണ് അച്ഛന്‍ പരാതിപ്പെട്ടത്.

കുട്ടിയുടെ മരണത്തില്‍ നീതിതേടി ചൊവ്വാഴ്ച ബന്ധുക്കളുടെ പ്രതിഷേധവും റോഡുപരോധവുമുണ്ടായി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം പോലീസ് ഏറ്റെടുത്തെന്നും അച്ഛനെയും അമ്മാവനെയും ആംബുലന്‍സില്‍നിന്ന് ഒഴിവാക്കിയെന്നും ആരോപിച്ച് നാട്ടുകാര്‍ ഈ വാഹനം തടഞ്ഞു. പ്രത്യേക അന്വേഷണസംഘം കേസന്വേഷിക്കുന്നതിന് ഇടപെടാമെന്ന് പി.സി.ജോര്‍ജ് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.

ചൊവ്വാഴ്ച രാവിലെ 11.30-നാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ആംബുലന്‍സില്‍ കയറ്റിയത്. ആംബുലന്‍സിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. ഇതിനിടെയാണ് ബന്ധുക്കളെ ഒഴിവാക്കിയത്. വാഹനവ്യൂഹം വെള്ളൂരിലെത്തിയപ്പോള്‍ കാത്തുനിന്ന ബന്ധുക്കള്‍ വാഹനം നിര്‍ത്തിച്ച് പ്രതിഷേധിച്ചു.കുട്ടിയുടെ അച്ഛന്‍ കോട്ടയത്ത് നില്‍ക്കുന്നതേയുള്ളൂവെന്നും പോലീസ് ഏകപക്ഷീയമായി പോകുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. അച്ഛന്‍ ഷാജിയുടെ വാഹനം വരുന്നതുവരെ ആംബുലന്‍സ് മെല്ലെ പോകാമെന്ന് പോലീസ് സമ്മതിച്ചു.

Content Highlights: kottayam college student anju shaji death