കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്ന് കഴിഞ്ഞ ദിവസം കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ അറസ്റ്റിലായ നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോക്ക് വഴി. ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. നീതുവിന്റെ ഭര്‍ത്താവ്‌ വിദേശത്താണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ ഇത് മറച്ചുവെച്ച് ഇബ്രാഹിമിനെ പറഞ്ഞ് വിശ്വസിപ്പിച്ചത് താന്‍ വിവാഹമോചിതയാണെന്നാണ്. ഇരുവരും തമ്മില്‍ അടുപ്പത്തിലാകുകയും ചെയ്തത് ഇതിന് ശേഷമാണ്.

നീതു ഗര്‍ഭിണിയായ വിവരം ഇബ്രാഹിമിനും വിദേശത്തുള്ള ഭര്‍ത്താവിനും അറിയാമായിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പിച്ച കാര്യം ഇബ്രാഹിമില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്. ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇബ്രാഹിമിന്റെ കുഞ്ഞാണെന്ന് ചിത്രീകരിക്കാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇതിനായി വിശദമായ ആസൂത്രണം തന്നെ നീതു നടത്തിയിരുന്നു. നീതുവിന്റെ ആണ്‍സുഹൃത്ത് ഇബ്രാഹിം ബാദുഷയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ പക്കല്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയിട്ടുണ്ടെന്നും നീതു പോലീസിനോട് പറഞ്ഞു. ഈ വിവരങ്ങള്‍ വെച്ച് തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം. കോട്ടയത്ത് എത്തിച്ച ഇബ്രാഹിമിനേയും നീതുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് ഉള്‍പ്പെടെ പോലീസ് കടക്കും. 

ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തിയാകും ചോദ്യം ചെയ്യല്‍ നടത്തുക. നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണുള്ളത്. ഇവരുടെ മാതാപിതാക്കളും ഇന്നലെ സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും ഇല്ലായിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം ജില്ലാ പോലീസ് മേധാവി ഇന്ന് മാധ്യമങ്ങളെ കാണും. വ്യക്തിപരമായ ലക്ഷ്യങ്ങളോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും ഇവര്‍ക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ഒരു ബന്ധവുമില്ലെന്നും പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ പല കാര്യങ്ങളിലും ഇവര്‍ പരസ്പരബന്ധമില്ലാതെ മറുപടി നല്‍കുന്നതും പോലീസിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇബ്രാഹിമിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നാണ് പോലീസ് കരുതുന്നത്.

Content Highlights: kottayam child kidnap case update