ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയതിനെച്ചൊല്ലിയുള്ള ബഹളത്തില്‍ പകച്ച് എട്ടുവയസ്സുകാരന്‍. പ്രതി നീതുരാജിന്റെ മകനാണ് എന്താണ് നടക്കുന്നതെന്നറിയാതെ വലഞ്ഞത്. അമ്മയെ അനുസരിച്ച അവന് ഈ സംഭവത്തെത്തുടര്‍ന്ന് ഏറെ വേദനയും അനുഭവിക്കേണ്ടിവന്നു.

അമ്മയോടൊപ്പം നാലാംതീയതി സന്തോഷത്തോടെയാണ് അവന്‍ യാത്ര തിരിച്ചത്. എന്തിനാണ്, എങ്ങോട്ടാണ് എന്ന് വ്യക്തമായി അറിയില്ലായിരുന്നു. എങ്കിലും കുട്ടി ആവേശത്തിലായിരുന്നു. കോട്ടയത്ത് മെഡിക്കല്‍ കോളേജിനടുത്ത് ഹോട്ടലില്‍ മുറിയെടുത്തതും ആ ദിവസങ്ങളില്‍ ആശുപത്രിയിലേക്കും സമീപ സ്ഥലങ്ങളിലേക്കുമുള്ള യാത്രയും ഹോട്ടല്‍ ഭക്ഷണവുമെല്ലാം ബാലന്‍ ആസ്വദിച്ചു.

സംഭവദിവസവും അമ്മയുടെ കൂടെപ്പോയി. അമ്മയുടെ നിര്‍ദേശം അനുസരിച്ച് പ്രസവവിഭാഗത്തിന് മുന്നില്‍ കാത്തുനിന്നു. തിരികെ വന്ന അമ്മയുടെ കൈയില്‍ ഒരു തുണിപ്പൊതിയുണ്ടായിരുന്നു. അത് അവന്റെ അനുജത്തിയാണെന്ന് അമ്മ പറഞ്ഞുകാണും. അതിനാലാണ് സി.സി.ടി.വി. ദൃശ്യങ്ങളിലും പോലീസ് മുറിയിലെത്തിയപ്പോഴും ഈ ബാലന്‍ സന്തോഷവാനായിരുന്നത്.

പക്ഷേ, പെട്ടെന്നാണ് കാര്യങ്ങള്‍ മാറിയത്. പോലീസ് മുറിയിലെത്തുന്നതും അമ്മയോട് ദേഷ്യത്തില്‍ സംസാരിക്കുന്നതും അവന്‍ കണ്ടു. ഇതിനിടയില്‍ കുട്ടി കരഞ്ഞുപറഞ്ഞു.

'അമ്മ പാവമാണ്. ഒന്നും ചെയ്യല്ലേയെന്ന്'. പിന്നെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക്. ഒപ്പം എത്തിയ അമ്മയെ പോലീസുകാര്‍ എങ്ങോട്ടോ കൊണ്ടുപോയെന്ന തോന്നല്‍ വന്നതോടെ കുട്ടി കരയാന്‍ തുടങ്ങി. കാരണം അമ്മ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. വനിതാ പോലീസുകാര്‍ അവനെ ആശ്വസിപ്പിച്ച് ശിശുസൗഹൃദ മുറിയിലേക്ക് മാറ്റി.

എങ്കിലും കുട്ടിക്ക് സങ്കടമായിരുന്നു. ഇടയ്ക്ക് ഒരു തവണ അഞ്ചുമിനിറ്റ് അവന്‍ അമ്മയെ കണ്ടു. വീണ്ടും മുറിയിലേക്ക്. സങ്കടവും പേടിയും തോന്നിയ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ രാത്രി വൈകി നീതുവിന്റെ ബന്ധുക്കളെത്തി അവനെ ഏറ്റുവാങ്ങി. അമ്മ എവിടെയെന്നറിയാതെ അവന്‍ ബന്ധുക്കള്‍ക്കൊപ്പം മടങ്ങി.

നീതു റിമാന്‍ഡില്‍, കാമുകനും അറസ്റ്റില്‍ 

കോട്ടയം: വിവാഹിതയും എട്ടുവയസ്സായ മകനുമുള്ള യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് നവജാതശിശുവിനെ തട്ടിയെടുത്തത് കാമുകന്‍ വിവാഹം കഴിക്കുന്നത് തടയാനാണെന്ന് പോലീസ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ നഴ്സിന്റെ വേഷത്തിലെത്തി, രണ്ടുദിവസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്തതിന് തിരുവല്ല കുറ്റൂര്‍ സ്വദേശിനി ആര്‍. നീതുരാജിനെ (29) അറസ്റ്റുചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡുചെയ്തു.

നീതുവിന്റെ കാമുകനായ കളമശ്ശേരി എച്ച്.എം.ടി. കോളനി വാഴയില്‍ ഇബ്രാഹിം ബാദുഷയെ (28) അറസ്റ്റു ചെയ്തു.

കുട്ടിയെ തട്ടിയെടുത്തതില്‍ ഇയാള്‍ക്ക് പങ്കില്ല. അതേസമയം, നീതുവിന്റെ മൊഴിപ്രകാരം 30 ലക്ഷം രൂപ തട്ടിയെടുത്തതിനും അവരുടെ മകനെ മര്‍ദിച്ചതിനുമാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കളമശ്ശേരിയിലെ മയക്കുമരുന്നുകേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പ്രണയം ടിക് ടോക്കിലൂടെ

നീതുരാജ് കളമശ്ശേരിയില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയായിരുന്നു. ഭര്‍ത്താവും മകനുമുള്ള നീതു, രണ്ടുവര്‍ഷംമുമ്പ് ടിക് ടോക്കിലൂടെയാണ് ഡ്രൈവറായിരുന്ന ഇബ്രാഹിമിനെ പരിചയപ്പെടുന്നത്. ഇത് പ്രണയമായി. നീതുവിന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇതിനിടെ നീതു ഗര്‍ഭിണിയായി. വിവരം ഫെബ്രുവരിയില്‍ ഇബ്രാഹിമിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും അറിയിച്ചു. എന്നാല്‍, ഗര്‍ഭം അലസിപ്പോയി. ഈ വിവരം കാമുകനെ അറിയിച്ചില്ല. ഇതിനിടെ, ഇബ്രാഹിം മറ്റൊരു വിവാഹത്തിനൊരുങ്ങി. ബിസിനസ് ആവശ്യത്തിനും മറ്റുമായി നീതു 30 ലക്ഷം രൂപയും സ്വര്‍ണവും ഇബ്രാഹിമിന് നല്‍കിയിരുന്നു. ഡിസംബറായിട്ടും നീതു പ്രസവിച്ചില്ല. കാമുകനും കുടുംബാംഗങ്ങളും ഇതേക്കുറിച്ച് നീതുവിനോട് ചോദിക്കാന്‍ തുടങ്ങി. കാമുകനുമായുള്ള ബന്ധം നിലനിര്‍ത്താന്‍, തന്റെ കുഞ്ഞാണെന്നുപറഞ്ഞ് കാണിക്കാനാണ് തട്ടിയെടുത്തതെന്ന് ജില്ലാ പോലിസ് മേധാവി ഡി. ശില്പ അറിയിച്ചു. എം.ബി.എ. ബിരുദധാരിയാണ് നീതു.