കറുകച്ചാൽ: ചമ്പക്കരയിൽ സ്വകാര്യബസ് ഡ്രൈവർ കൊച്ചുകണ്ടം ബംഗ്ലാംകുന്ന് രാഹുലി (35)നെ കാറിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റുമോർട്ടത്തിൽ തലയ്ക്കുള്ളിൽ സാരമായ മുറിവ് കണ്ടെത്തിയതോടെ രാഹുലിന്റെ അച്ഛൻ രാജപ്പൻ കറുകച്ചാൽ പോലീസിൽ പരാതി നൽകി.

ശനിയാഴ്ച പുലർച്ചെ 5.50-ഓടെയാണ് രാഹുലിന്റെ മൃതദേഹം തൊമ്മച്ചേരി ബാങ്ക് പടിക്ക് സമീപം സ്വന്തം കാറിനടിയിൽ കണ്ടത്. കേടായ കാർ നന്നാക്കുന്നതിനിടയിൽ അടിയിൽപ്പെട്ട് ഞെരിഞ്ഞമർന്നതാവാം മരണകാരണമെന്നാണ് പോലീസടക്കം കരുതിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. പോലീസിന്റെ പ്രാഥമിക പരിശോധനയിലും ഫൊറൻസിക് സംഘത്തിന്റെ പരിശോധനയിലും അസ്വാഭിവികത തോന്നിയില്ല.

എന്നാൽ, ഞായറാഴ്ച പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് തലയ്ക്കുള്ളിൽ മുറിവ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ജോലി കഴിഞ്ഞെത്തിയ രാഹുൽ കൂട്ടുകാർക്കൊപ്പം നെടുംകുന്നത്ത് സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. 9.30-ന് ഭാര്യ ശ്രീവിദ്യയുമായി സംസാരിച്ചു. പിന്നീട് വിളിച്ചപ്പോൾ രാഹുൽ ഫോൺ എടുത്തെങ്കിലും സംസാരിച്ചില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

രാജപ്പന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് കറുകച്ചാൽ പോലീസ് പറഞ്ഞു.

വീട്ടുകാരുടെ ആരോപണങ്ങൾ

• രാഹുലിന്റെ ചെരിപ്പുകൾ വാഹനത്തിന് നാല് മീറ്റർ മുൻപിലാണ് കിടന്നത്.

• വസ്ത്രങ്ങൾ നിലത്ത് ഉരഞ്ഞുകീറിയ നിലയിലായിരുന്നു

• കാർ ശരീരത്തിൽ അമർന്നിട്ടില്ല, കാലുകൾ മടങ്ങിയ നിലയിലായിരുന്നു.

• കാറിന് തകരാറുകളില്ല, അതിനാൽ അടിയിൽ കയറേണ്ട ആവശ്യമില്ല. ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നതിനാൽ വാഹനം ഉരുണ്ട് ശരീരത്തിൽ ഞെരുങ്ങാൻ സാധ്യതയില്ല.

• രാത്രി 9.30-ന് ശേഷം ഭാര്യ വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും സംസാരിച്ചില്ല, അവിടെ ബഹളംവയ്ക്കുന്ന ശബ്ദം കേട്ടു.