കോട്ടയം: അയര്‍ക്കുന്നത്ത് വൈദികനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ മറ്റോ ഇല്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് നിലവില്‍ കേസെടുത്തിരിക്കുന്നത്. 

വികാരിയായ ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ മാനസികപ്രയാസം അനുഭവിച്ചിരുന്നേക്കാമെന്നാണ് ഇടവകാംഗങ്ങളുടെയും മറ്റ് വൈദികരുടെയും പ്രതികരണം. നേരത്തെ യുഎസിലായിരുന്ന ഇദ്ദേഹം ഫെബ്രുവരിയിലാണ് അയര്‍ക്കുന്നത്തെ പള്ളിയില്‍ ചുമതലയേല്‍ക്കുന്നത്.

കോട്ടയം
കോട്ടയം അയര്‍ക്കുന്നം പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് ചര്‍ച്ച്. ഫോട്ടോ: ജി.ശിവപ്രസാദ്

അതിനുശേഷം കോവിഡ് വ്യാപനം കാരണം ലോക്ക്ഡൗണ്‍ നിലവില്‍വന്നു. പള്ളിയിലെ പ്രാര്‍ഥനകളും മറ്റും മുടങ്ങി. ഇടവകാംഗങ്ങളെ വിശദമായി പരിചയപ്പെടാന്‍ പോലും സാധിച്ചില്ല. അടുത്തിടെ പള്ളിയിലെ റബര്‍പുരയിലെ നിര്‍മാണപ്രവര്‍ത്തികള്‍ക്കിടെ തീപ്പിടിത്തമുണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. 80 ശതമാനത്തോളം പൊള്ളലേറ്റ ഒരാള്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഈ സംഭവത്തില്‍ വൈദികന് വളരെയേറെ മനപ്രയാസമുണ്ടായിരുന്നു. ഇതാകാം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് മറ്റ് വൈദികരുടെ സംശയം. 

Read Also: കോട്ടയത്ത് കാണാതായ വൈദികനെ പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി....

അതേസമയം, അയര്‍ക്കുന്നത്തെ പള്ളിയില്‍നിന്ന് ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നതായും ഇവര്‍ വെളിപ്പെടുത്തി. ഇക്കാര്യം സംസാരിക്കാന്‍ കഴിഞ്ഞദിവസം ബിഷപ്പുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ വൈകീട്ട് നാലരയ്ക്ക് നിശ്ചയിച്ച കൂടിക്കാഴ്ചയ്ക്ക് വൈദികന്‍ എത്തിയില്ല. തുടര്‍ന്ന് ബിഷപ്പ് ഫോണില്‍വിളിച്ച് തിരക്കിയപ്പോള്‍ പ്രതികരണമുണ്ടായില്ലെന്നും വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയിലെ കുരിശ് മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മരിച്ച വൈദികന്‍ എല്ലാവരുമായി നല്ലരീതിയിലാണ് ഇടപെട്ടിരുന്നതെന്ന് ഇടവകാംഗങ്ങളും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പള്ളിയിലെ തീപ്പിടിത്തതിന് പിന്നാലെ മാനസികപ്രയാസം നേരിട്ടിരുന്നതായി തോന്നിയിരുന്നതായും അടുത്തദിവസങ്ങളിലായി ശ്രദ്ധക്കുറവുള്ളത് പോലെ കണ്ടിരുന്നതായും ഇടവകാംഗങ്ങള്‍ പ്രതികരിച്ചു. 

കോട്ടയം
പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈദികന്റെ മൃതദേഹം പുറത്തെടുക്കാനുള്ള അഗ്നിശമനസേനയുടെ ശ്രമം. ഫോട്ടോ: ജി ശിവപ്രസാദ്.  

ഇരുമ്പ് കമ്പി കൊണ്ട് മറച്ചിരുന്ന കിണറ്റിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. കമ്പി കൊണ്ടുള്ള കൂടിന്റെ ഒരു ഭാഗം തുറന്നാകാം വൈദികന്‍ കിണറ്റില്‍ ചാടിയതെന്നാണ് നിഗമനം. അതിനിടെ, ശരീരത്തില്‍ കല്ല് കെട്ടിയാണ് കിണറ്റില്‍ ചാടിയതെന്നും സംശയമുണ്ട്. ഇക്കാര്യത്തില്‍ സംശയം ഉയര്‍ന്നതോടെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി പരിശോധന നടത്തുകയാണ്. പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫ്‌ചെയ്തിരുന്നതും നേരത്തെ സംശയത്തിനിടയാക്കിയിരുന്നു. മുറിയില്‍നിന്ന് വൈദികന്‍ രാവിലെ പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പക്ഷേ, അതിനുശേഷം സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തനിലയിലായിരുന്നു. 

Content Highlights: kottayam ayarkunnam church priest death; response by other priests and people