കാഞ്ഞിരപ്പള്ളി: ബി.കോം വിദ്യാര്‍ഥിനിയായിരുന്ന അഞ്ജു പി.ഷാജി മരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നായിരുന്നു വീട്ടുകാരുടെ ആരോപണം.

കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടുകാര്‍ പോലീസില്‍ സമര്‍പ്പിച്ച പരാതിയിലുള്ള അന്വേഷണം ഇതുവരെ പൂര്‍ത്തിയായതുമില്ല.

അന്വേഷണം ഇഴയുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാണ് അഞ്ജുവിന്റെ മാതാപിതാക്കളുടെ ആവശ്യം.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായിരുന്നു പൊടിമറ്റം പൂവത്തോട്ട് അഞ്ജു പി.ഷാജി. 

കഴിഞ്ഞ ജൂണ്‍ ആറിനാണ് ചേര്‍പ്പുങ്കലിലെ ബി.വി.എം. കോളേജില്‍ പരീക്ഷയെഴുതാനെത്തിയ അഞ്ജുവിനെ കാണാതാകുന്നത്. പിറ്റേന്ന് അഞ്ജുവിന്റെ ബാഗ് മീനച്ചിലാറിന്റെ തീരത്തുനിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം മീനച്ചിലാറ്റില്‍നിന്ന് കണ്ടെത്തി. പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ നല്‍കിയ വിശദീകരണം.

അഞ്ജു പഠനത്തില്‍ മിടുക്കിയായിരുന്നെന്നും കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതാണ് അഞ്ജു ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും വീട്ടുകാര്‍ ആരോപിച്ചു.തുടര്‍ന്ന് കോളേജ് അധികൃതര്‍ കോപ്പിയെഴുതിയെന്ന് പറയുന്ന ഹാള്‍ടിക്കറ്റ് പുറത്തുവിട്ടിരുന്നു. എന്നാല്‍ കൈയക്ഷരത്തിലെ സംശയം വീട്ടുകാര്‍ ഉന്നയിച്ചു.

കൈയക്ഷര പരിശോധനയ്ക്കായി അഞ്ജുവിന്റെ നോട്ട്ബുക്ക്, ഹാള്‍ടിക്കറ്റ്, പരീക്ഷാഹാളിലെ സി.സി.ടി.വി.യുടെ ഡി.വി.ആര്‍., ഹാര്‍ഡ് ഡിസ്‌ക്, ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ ഫൊറന്‍സിക് പരിശോധനയ്ക്കായി ഒരു മാസത്തിനുള്ളില്‍തന്നെ അയച്ചിരുന്നു.

ഇവയുടെ പരിശോധനാഫലം ലഭിക്കാന്‍ വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയൂവെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍.സി.രാജ്മോഹന്‍ പറഞ്ഞു.

അഞ്ജു പി.ഷാജിയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായും കേസ് സി.ബി.ഐ. ഏറ്റെടുത്ത് സംഭവത്തിലെ യഥാര്‍ത്ഥ ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ എത്തിക്കണമെന്നും വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

പഠനത്തില്‍ മികവ് പുലര്‍ത്തിയ മകള്‍ കോപ്പിയടിക്കില്ല. നിലവിലെ അന്വേഷണത്തിലും ഉദ്യോഗസ്ഥരിലും വിശ്വാസമില്ല. കേസന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്നും മാതാപിതാക്കളായ പി.ഡി.ഷാജി, സജിത എന്നിവര്‍ ആരോപിച്ചു.