Josephകോട്ടയം: 'ഒറ്റപ്പെടലില്‍നിന്നു രക്ഷപ്പെടാന്‍ ഇതേ വഴിയുണ്ടായിരുന്നുള്ളൂ'-സ്വന്തം ചരമപരസ്യം പത്രങ്ങളില്‍ നല്‍കി ഒളിവില്‍പ്പോയ കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ മേലുക്കുന്നേല്‍ ജോസഫ്(74) പറഞ്ഞു. ഇദ്ദേഹത്തെ ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടയത്തെ ലോഡ്ജില്‍നിന്നാണ് പോലീസ് കണ്ടെത്തിയത്.

സ്റ്റേഷനിലെത്തിച്ചശേഷം വൈദ്യപരിശോധനയ്ക്കായി കോട്ടയം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴാണ്, പരസ്യം നല്‍കാനുള്ള കാരണം ഇദ്ദേഹം വ്യക്തമാക്കിയത്.

ജോസഫിന്റെ നാലുമക്കളും വേറെയാണു താമസിക്കുന്നത്. ഭാര്യയാണ് ഒപ്പമുള്ളത്. വല്ലപ്പോഴും എത്തുന്ന മക്കളും മരുമക്കളും ചെറുമക്കളുമൊന്നും പ്രായത്തിന്റെ അവശതയും ഒറ്റപ്പെടലും മനസ്സിലാക്കുന്നില്ലെന്നും ഇദ്ദേഹം മൊഴി നല്‍കി. 'ഞാന്‍ പോയാല്‍ ഭാര്യയെ മക്കള്‍ നോക്കിക്കൊള്ളും. അവളെങ്കിലും സന്തോഷത്തോടെ കഴിയട്ടെയെന്നും ചിന്തിച്ചു. അതോടെ എല്ലാം ഉപേക്ഷിച്ചുപോകാന്‍ മനസ്സു പാകപ്പെടുത്തി'. താന്‍ അര്‍ബുദരോഗബാധിതനാണെന്നും ആര്‍.സി.സി.യില്‍ ചികിത്സയിലാണെന്നും ജീവിതശൈലീരോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നുണ്ടെന്നും ഇദ്ദേഹം പോലീസിനെ അറിയിച്ചു. സ്വന്തം ചരമവാര്‍ത്തയും പരസ്യവും നേരിട്ടാണ് പത്രങ്ങള്‍ക്കു നല്‍കിയത്. വാര്‍ത്ത വന്ന അന്നുതന്നെ ഒളിവില്‍പ്പോയെന്നും ജോസഫ് മൊഴി നല്‍കി. കടുത്തുരുത്തിയിലെ ലോഡ്ജില്‍ നാലുദിവസം താമസിച്ചു. അവിടെനിന്ന് മംഗലാപുരത്തു പോയി. കോട്ടയത്തുവന്നിട്ട് തിരുവനന്തപുരത്തേക്കു പോകാനിരുന്നതാണ്.

തളിപ്പറമ്പ് പോലീസ് ചൊവ്വാഴ്ച കോട്ടയം വെസ്റ്റ് സ്റ്റേഷനിലെത്തി ജോസഫിനെ കൂട്ടിക്കൊണ്ടുപോയി. കടുത്തുരുത്തിയിലെ ബന്ധുവീട്ടില്‍ മകനും ബന്ധുക്കളും എത്തിയിരുന്നു. ഇവരും ഒപ്പം തളിപ്പറന്പിലേക്കു തിരിച്ചു.

അച്ഛനു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മകന്‍

ജോസഫിനു വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മകന്‍ ഫോണില്‍ മാതൃഭൂമിയോടു പറഞ്ഞു. അദ്ദേഹം സന്തോഷവാനായിരുന്നു. പ്രമേഹവും രക്താതിസമ്മര്‍ദവും ഉണ്ട്; മറ്റുരോഗങ്ങളില്ല.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനകള്‍ കൃത്യമായി നടത്തിയിരുന്നു.

അടുത്തകാലത്ത് ചെവിക്കുപുറകില്‍ മുഴ വന്നു. ഇതുമൂലമുള്ള പേടിയുണ്ട്. പരിയാരത്തെ ഡോക്ടര്‍മാര്‍ വിദഗ്ധപരിശോധന നിര്‍ദേശിച്ചെങ്കിലും പേടികാരണം നടത്തിയില്ല. രണ്ടുമക്കള്‍ വിദേശത്താണ്. താന്‍ തൃശ്ശൂരിലാണ്. ഒരുമകള്‍ പയ്യന്നൂരിനടുത്തു താമസിക്കുന്നു.

മക്കളും മരുമക്കളും കൊച്ചുമക്കളുമായി നല്ല ബന്ധത്തിലായിരുന്നു. സാമ്പത്തികമായും നല്ലനിലയിലാണ്.

കടുത്തുരുത്തിയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജോസഫ് നവംബര്‍ 22-നു വന്നിരുന്നു. ചടങ്ങുകഴിഞ്ഞ് മകന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പോകുമെന്നാണ് ഭാര്യ മേരിക്കുട്ടിയെ അറിയിച്ചിരുന്നത്. ഇതിനിടെയാണ് ചരമപരസ്യം നല്‍കിയത്. കാണാതായതിനെത്തുടര്‍ന്ന് ജോസഫിന്റെ ഭാര്യ മേരിക്കുട്ടിയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി.ക്കു പരാതി നല്‍കിയത്.
 
​ജോസഫിനെ തിരിച്ചറിഞ്ഞത് ബാങ്കിലെത്തിയപ്പോള്‍
 
കോട്ടയം: സ്വന്തം ചരമപരസ്യം പത്രങ്ങളില്‍ നല്‍കി നാടുവിട്ട ജോസഫ് തിങ്കളാഴ്ച ഉച്ചയോടെയാണ് കോട്ടയം നഗരത്തിലെ ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്ന് തിരുനക്കരയിലെ കാര്‍ഷികഗ്രാമവികസന ബാങ്കില്‍ ചെന്നു. ബാങ്ക് മാനേജര്‍ ശിവജിയോട്, മരിച്ചുപോയ ബന്ധുവിന്റെ മാലയും രേഖകളും അയാളുടെ ഭാര്യക്ക് തളിപ്പറമ്പിലെ ഗ്രാമീണ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടു.

സംശയം തോന്നിയ ബാങ്ക് മാനേജര്‍ തളിപ്പറമ്പ് ബാങ്ക് മാനേജരുമായി ബന്ധപ്പെട്ടപ്പോഴാണ്, പരസ്യം നല്‍കി കാണാതായ ജോസഫ് ആയിരിക്കുമിതെന്ന സൂചന ലഭിച്ചത്. ബാങ്ക് മാനേജര്‍മാരുടെ സംസാരത്തില്‍ പന്തികേടു തോന്നിയ ജോസഫ് ഇതിനിടെ മുങ്ങിയിരുന്നു.

തളിപ്പറമ്പ് ബാങ്ക് മാനേജര്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു. അവര്‍ കോട്ടയത്തെ ബാങ്ക് മാനേജരുമായും കോട്ടയം പോലീസുമായും ബന്ധപ്പെട്ട്, ചിത്രമുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറി. ബാങ്കിലെത്തിയത് ജോസഫാണെന്ന് പോലീസ് ഉറപ്പിച്ചു.

കോട്ടയം വെസ്റ്റ് സി.ഐ. നിര്‍മല്‍ ബോസ്, എസ്.ഐ. എം.ജെ.അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. നഗരത്തിലെ ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, ഓട്ടോ സ്റ്റാന്‍ഡുകള്‍, ലോഡ്ജുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ലോഡ്ജുകളിലെ പരിശോധന പൂര്‍ത്തിയായതോടെ പോലീസ് ഹോട്ടലുകളില്‍ പരിശോധന തുടങ്ങി. തിരുനക്കരയിലെ റസിഡന്‍സിയിലെത്തി ചിത്രം കാണിച്ചപ്പോള്‍ത്തന്നെ ജീവനക്കാര്‍ ജോസഫിനെ തിരിച്ചറിഞ്ഞു. 402-ാം നമ്പര്‍ മുറിയിലുണ്ടെന്നറിയിച്ചതോടെ, ഇവിടൈയത്തിയ പോലീസ് ജോസഫിനെ കൂട്ടിക്കൊണ്ടുപോയി.