കൊട്ടാരക്കര : പുത്തൂർമുക്ക് തടത്തിൽ മനുഭവനിൽ എസ്.മനുരാജി(32)ന്റെ കൊലപാതകത്തിൽ രണ്ടു പ്രതികൾ കൂടിയുണ്ടെന്ന് പോലീസ്. പിടിയിലായ പട്ടാഴി തെക്കേത്തേരി നരിക്കോട് പുത്തൻവീട്ടിൽ പൗലോസ് (71), കലയപുരം പാറവിള വിഷ്ണുഭവനിൽ മോഹനൻ (44) എന്നിവരെക്കൂടാതെ ഇവരുടെ സുഹൃത്തുക്കളായ ശശി, ബാബു എന്നിവരും പ്രതികളാണെന്നാണ് പോലീസ് നിഗമനം. ഇവർ കസ്റ്റഡിയിലുണ്ടെന്നു സൂചനയുണ്ട്.

സുഹൃത്തിനെ കൊന്ന് പാറക്കുളത്തിൽ തള്ളാൻ മുന്നിൽനിന്നത് 71-കാരനും അംഗപരിമിതനുമായ പൗലോസ് ആണെന്ന വാർത്ത നാടിനെ നടുക്കി. 300 രൂപയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികളുടെ വെളിപ്പെടുത്തൽ.

ജനുവരി രണ്ടിന് രണ്ടോടെയാണ് മനുരാജ് പൗലോസിന്റെ വീട്ടിലെത്തിയത്. സുഹൃത്തുക്കളുമായി ചേർന്നു മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും കമ്പു കൊണ്ട് പൗലോസ് മനുരാജിന്റെ തലയ്ക്കു പിന്നിൽ അടിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. മരിച്ച മനുരാജിനെ രാത്രി പത്തിനുശേഷം നാലു പേരുംകൂടി ചുമന്നും വലിച്ചിഴച്ചും പാറക്കുളത്തിൽ തള്ളി. ബന്ധുക്കളുമായി പിണങ്ങിക്കഴിയുന്ന പൗലോസിന്റെ വീട്ടിൽ മറ്റാരുമില്ലാത്തതും അടുത്തെങ്ങും ആൾപാർപ്പില്ലാത്തതും ഇവർക്കു തുണയായി.

ജനുവരി അഞ്ചിനാണ് പാറക്കുളത്തിൽ മൃതദേഹം പൊങ്ങിയത്. പരാതിക്കാരില്ലാതിരുന്ന കേസിൽ മരണത്തിൽ സംശയമുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടും മരണകാരണം തലയ്ക്കേറ്റ അടിയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടുമാണ് കൊലപാതകമെന്ന നിലയിലേക്ക് അന്വേഷണം നീളാൻ കാരണമായത്.

കേസിൽ പ്രധാന പ്രതിയായ പൗലോസ് മറ്റൊരു കേസിൽ പിടികിട്ടാപ്പുള്ളിയാണെന്ന് വെളിപ്പെട്ടതും ഈ അന്വേഷണത്തിലാണ്. 1998-ൽ വയനാട്ടിലെ കേണിച്ചിറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമക്കേസിൽ പ്രതിയാണ് പൗലോസ്. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ ചിരവയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. അവിടെ ജോണി എന്നപേരിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. പ്രതിയെ അന്വേഷിച്ച് പോലീസ് എത്തിയെങ്കിലും നാട്ടിലുള്ള മറ്റൊരു ജോണിയെ കാട്ടിക്കൊടുക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.

പൗലോസിനെയും മോഹനനെയും കൊലപാതകം നടന്ന വീട്ടിലും അന്തമണിൽ പാറക്കുളത്തിലും എത്തിച്ചു തെളിവെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. അഭിലാഷ് ഡേവിഡ് പറഞ്ഞു.