ബെംഗളൂരു: ആരാധകര്‍ കാത്തിരുന്ന സിനിമ നിശ്ചയിച്ചപ്രകാരം റിലീസാകാതിരുന്നതിനെത്തുടര്‍ന്ന് കര്‍ണാടകത്തില്‍ സിനിമാതിയേറ്ററുകള്‍ക്കുനേരെ ആക്രമണം. കന്നഡതാരം കിച്ച സുദീപിന്റെ ആരാധകരാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍ തിയേറ്ററുകള്‍ ആക്രമിച്ചത്.

കിച്ച സുദീപ് നായകനായ 'കോടിഗൊബ്ബ-മൂന്ന്' എന്ന സിനിമ കര്‍ണാടകത്തില്‍ വ്യാഴാഴ്ച റിലീസാകാനിരുന്നതാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇത് മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ സിനിമ റിലീസാകാനിരുന്ന തിയേറ്ററുകള്‍ക്കുമുമ്പില്‍ പുലര്‍ച്ചെമുതല്‍ ആളുകളെത്തി. പക്ഷേ, ചില സാങ്കേതികകാരണങ്ങളാല്‍ സിനിമ പ്രദര്‍ശിപ്പിക്കാനായില്ല.

വെള്ളിയാഴ്ചയേ സിനിമ റിലീസാകൂ എന്ന് വാര്‍ത്തപടര്‍ന്നു. ഇതേത്തുടര്‍ന്ന് പ്രകോപിതരായ ആളുകള്‍ തിയേറ്ററുകള്‍ക്ക് കേടുപാടുവരുത്തുകയായിരുന്നു. ചില തിയേറ്റുകളുടെനേര്‍ക്ക് കല്ലേറുനടത്തുകയും ഗേറ്റുകള്‍ തകര്‍ക്കുകയും ചെയ്തു.

ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് സിനിമ റിലീസ് ചെയ്യാന്‍ കഴിയാതെവന്നതെന്ന് നിര്‍മാതാവ് സൂരപ്പ ബാബു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താന്‍ വഞ്ചിക്കപ്പെട്ടതാണെന്നും തന്റെ വീഴ്ചകൊണ്ടല്ല ഇത് സംഭവിച്ചതെന്നും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറിന് സിനിമ റിലീസ്‌ചെയ്യുമെന്നും അറിയിച്ചു.

സിനിമ റിലീസ് ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ തിയേറ്റുകള്‍ക്ക് നാശമുണ്ടാക്കരുതെന്ന് കിച്ച സുദീപ് വീഡിയോസന്ദേശത്തില്‍ ആരാധകരോട് പറഞ്ഞു. സിനിമയ്‌ക്കെതിരേ ഗൂഢാലോചന നടത്തിയത് ആരാണെന്ന് അറിയാമെന്നും അവരോട് കാലം മറുപടിപറയുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സിനിമയുടെ പ്രദര്‍ശനം തുടങ്ങി. തിയേറ്ററുകള്‍ക്കുമുമ്പില്‍ സ്ഥാപിച്ച കിച്ച സുദീപിന്റെ കട്ടൗട്ടുകളില്‍ ആരാധകര്‍ പുഷ്പാഭിഷേകവും ഭസ്മാഭിഷേകവും നടത്തി. മഡോണ സെബാസ്റ്റ്യനാണ് കോടിഗൊബ്ബ-മൂന്നിലെ നായിക.