കൊച്ചി: കോതമംഗലം ചേലാട് പെരിയാര്‍ വാലി കനാല്‍ ബണ്ടില്‍ സ്റ്റുഡിയോ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച എല്‍ദോസ് പോളിന്റെ അയല്‍വാസി എല്‍ദോസ് ജോയിയെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റു ചെയ്തു. കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാനായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.

പിണ്ടിമന പുത്തന്‍ പുരക്കല്‍ എല്‍ദോസ് (കൊച്ചാപ്പ-27) ഇയാളുടെ പിതാവ് ജോയി (58) മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് സെവന്‍ ആര്‍ട്‌സ് സ്റ്റുഡിയോ ഉടമ എല്‍ദോസ് ആണ് കൊല്ലപ്പെട്ടത്. സ്റ്റുഡിയോ ഉടമ എല്‍ദോസ്,  കൊച്ചാപ്പ എന്നു വിളിക്കുന്ന എല്‍ദോസിന് മൂന്നു ലക്ഷം രൂപ കടം നല്‍കിയിരുന്നു. ഇത് തിരികെ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മഴുക്കൈ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം സ്‌ക്കൂട്ടറിലിരുത്തി കൊണ്ടുപോയി കനാല്‍ ബണ്ടിനു സമീപം ഉപേക്ഷിക്കുകയായിരുന്നു.

പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കത്തിച്ചുകളഞ്ഞതായാണ് പ്രതികള്‍ പറയുന്നത്. ആയുധത്തിന്റെയും നശിപ്പിക്കപ്പെട്ട  മൊബൈല്‍ ഫോണിന്റെയും അവശിഷ്ടങ്ങള്‍ തെളിവെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ട്. 

ഞായറാഴ്ച രാത്രി ഒരു കോള്‍ വന്നതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് പോയ എല്‍ദോസ് പോളിനെ പിറ്റേന്ന് രാവിലെ കനാല്‍ബണ്ടിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തു തന്നെ സ്‌കൂട്ടര്‍ മറിഞ്ഞ നിലയില്‍ കിടന്നിരുന്നതിനാല്‍ അപകടമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് പിന്നില്‍ സാരമായ പരിക്ക് കണ്ടെത്തിയിരുന്നു. എല്‍ദോസിന്റെ മൊബൈല്‍ ഫോണ്‍ കാണാതായതും ദുരൂഹതയ്ക്കിടയാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്.

Content Highlights: kothamangalm studio owner murder case three arrested by police