കോതമംഗലം: നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്നത് ആസൂത്രിതമായെന്ന് നിഗമനം. കണ്ണൂര്‍ സ്വദേശിയായ രാഖില്‍ കൊല്ലപ്പെട്ട മാനസയെ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചെത്തിയെന്നാണ് സമീപവാസികളും സഹപാഠികളും പറയുന്നത്. പിന്നീട് മാനസയുടെ മുറിയിലേക്ക് പോയ രാഖില്‍ വാതിലടയ്ക്കുകയും കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ പ്രതി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്‌തെന്നാണ് നിഗമനം. 

രാഖിലിന്റെ തലയുടെ പിന്‍ഭാഗത്താണ് വെടിയേറ്റിരിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. വെടിയേറ്റ് തലയുടെ പിന്‍ഭാഗം പിളര്‍ന്നനിലയിലായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിക്കും രണ്ടുതവണ വെടിയേറ്റെന്നാണ് കരുതുന്നതെന്നും ചിലര്‍ പ്രതികരിച്ചു. 

കൊല്ലപ്പെട്ട മാനസ നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ്. കോളേജിന് സമീപത്തെ സ്വകാര്യ കെട്ടിട്ടത്തില്‍ പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. പ്രതിയായ രാഖില്‍ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. നേരത്തെ രാഖില്‍ മാനസയെ തിരഞ്ഞ് കോതമംഗലത്ത് വന്നിരുന്നതായും വിവരമുണ്ട്. ഇങ്ങനെയാണ് പെണ്‍കുട്ടി താമസിക്കുന്ന സ്ഥലം പ്രതി തിരിച്ചറിഞ്ഞതെന്നാണ് സൂചന. 

അതേസമയം, പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്നതായി കോതമംഗലം പോലീസ് സ്‌റ്റേഷനില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. യുവാവിനെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ ശനിയാഴ്ച നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Content Highlights: kothamangalam manasa bds student murder case accused rakhil came from kannur