കോതമംഗലം: അയിരൂർപ്പാടത്ത് പട്ടാപ്പകൽ വീട്ടമ്മ കൊലചെയ്യപ്പെട്ട സംഭവം നടന്ന് മൂന്നുമാസം പിന്നിടുമ്പോഴും കൊലയാളി ആരെന്ന ചോദ്യത്തിന് ഉത്തരം നൽകാനാവാതെ പോലീസ്.

ഒരു പതിറ്റാണ്ട് പിന്നിട്ട ചെറുവട്ടൂർ നിനി കൊലക്കേസും മാതിരപ്പിള്ളിയിലെ ഷോജി വധക്കേസും ഉൾപ്പെടെയുള്ളവയുടെ പട്ടികയിലേക്ക് ഈ കേസും മാറുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അയിരൂർപ്പാടം പാണ്ട്യാർപ്പിള്ളിൽ ആമിന മാർച്ച് 7-നാണ് പാടത്ത് പുല്ലരിയാൻപോയ സമയത്ത് കൊല്ലപ്പെട്ടത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ നാല് സി.ഐ.മാർ ഉൾപ്പെടുന്ന സ്ക്വാഡ് രൂപവത്‌കരിച്ച് ദിവസങ്ങൾ നീണ്ട അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് ചെല്ലാവുന്ന സൂചനപോലും ലഭിച്ചില്ല.

അന്വേഷണത്തിനായി ശാസ്ത്രീയമാർഗങ്ങളും അവലംബിച്ചിരുന്നു. പ്രദേശവാസികളിൽ ചിലർ പറഞ്ഞ പ്രകാരം അപരിചിതന്റെ രേഖാചിത്രം തയ്യാറാക്കിയതും ഗുണംചെയ്തില്ല. പ്രതിയെക്കുറിച്ച് തെളിവോ വിവരങ്ങളോ പോലീസിന് കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണം വഴിമുട്ടിയിരിക്കുന്നത്. പ്രദേശത്തെ നിരവധി പേരെ പോലീസ് ചോദ്യംചെയ്തെങ്കിലും കേസിനാസ്പദമായ വിവരം ലഭിച്ചില്ല.

റൂറൽ എസ്.പി.യും പിന്നീട് മധ്യമേഖലാ ഡി.ഐ.ജി.യും സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തി വേണ്ട നിർദേശം നൽകിയിരുന്നു.

പാടത്തെ കൈത്തോട്ടിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പുല്ലുകെട്ടും സമീപത്ത് ഉണ്ടായിരുന്നു. ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

സ്വാഭാവിക മരണമെന്ന് കരുതി മരണാനന്തര ചടങ്ങിനായി മൃതദേഹം കുളിപ്പിച്ച സമയത്ത് ആമിന ധരിച്ചിരുന്ന പത്തു പവനോളം വരുന്ന ആഭരണം കാണാതായതോടെയാണ് വീട്ടുകാർ വിവരം പോലീസിൽ അറിയിച്ചത്. അപ്പോഴേക്കും പ്രാഥമികമായി ലഭിക്കേണ്ട തെളിവുകൾ പലതും നഷ്ടപ്പെട്ടതാണ് പോലീസ് അന്വേഷണത്തിന് തടസ്സമായത്. എന്നിട്ടും രാപകൽ ഭേദമില്ലാതെ പോലീസ് ഊർജിത അന്വേഷണവുമായി മുന്നോട്ടുപോയെങ്കിലും കൊലയാളിയിലേക്ക് എത്തിച്ചേരാനായില്ല.

കോതമംഗലത്ത് മുൻപ് നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകങ്ങൾ സംബന്ധിച്ച കേസുകൾ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും അന്വേഷണം എങ്ങും എത്തിയില്ല. മൂന്ന് സ്ത്രീകളും പകലാണ് കൊലചെയ്യപ്പെട്ടത്. ഷോജി വീട്ടിനുള്ളിലും നിനിയും ആമിനയും കൈത്തോട്ടിലുമായാണ് മരിച്ചനിലയിൽ കണ്ടത്.