കൊരട്ടി: രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയായി പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്ചേഞ്ച് കണ്ടെത്തി. നടത്തിപ്പുകാരായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കൊരട്ടി വഴിച്ചാലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആളൂര്‍ വീട്ടില്‍ ഹക്കീം (32), മഞ്ചേരി വള്ളിക്കാപ്പറ്റ വീട്ടില്‍ റിഷാദ് (28), അങ്കമാലി ചമ്പന്നൂര്‍ സ്വദേശി പറോക്കാരന്‍ നിഥിന്‍ (32) എന്നിവരാണ് പിടിയിലായത്.

കൊരട്ടി ജങ്ഷനില്‍ ഫിനിക്‌സ് ഇലക്ട്രോണിക്‌സ് സ്ഥാപനത്തിന്റെ മറവിലാണ് എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. മുഖ്യപ്രതിയായ മലപ്പുറം സ്വദേശി ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് കൂടുതല്‍ സന്നാഹങ്ങളുമായി വിശദപരിശോധന തുടര്‍ന്നത്.

ഹക്കീമിന്റെ വീട്ടില്‍നിന്ന് രാജ്യാന്തര ഫോണ്‍ കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന അത്യാധുനിക വി.ഒ.ഐ.പി. ജി.എസ്.എം. ഗേറ്റ്വേകള്‍ 14 എണ്ണം കണ്ടെത്തി. കൂടാതെ ഒരു സിം കാര്‍ഡില്‍നിന്നുള്ള സിഗ്‌നലുകള്‍ ഒന്നിലധികം സിം കാര്‍ഡുകളുമായി ബന്ധിപ്പിക്കുവാന്‍ ശേഷിയുള്ള വൈഫൈ റൗട്ടറുകള്‍ 11 എണ്ണവും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. വിവിധ കമ്പനികളുടെ നൂറിലധികം സിം കാര്‍ഡുകളും പിടിച്ചെടുത്തു.

ഇടപാടുകാര്‍ക്കുള്ള ഓഫീസായാണ് കൊരട്ടിയിലെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെനിന്ന് കസ്റ്റഡിയിലെടുത്ത കംപ്യൂട്ടറും സി.സി.ടി.വി. ക്യാമറയുടെ ഡി.വി.ആറും വിശദമായ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. ഇവര്‍ക്ക് അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആലുവ, കളമശ്ശേരി, പാതാളം എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ സ്ഥാപനങ്ങളുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവരുടെ സംവിധാനങ്ങളെ ബന്ധിപ്പിക്കുന്ന സെര്‍വര്‍ കണ്ടത്തിയിട്ടില്ല. ഇതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ്, എസ്.എച്ച്.ഒ. ബി.കെ. അരുണ്‍, എസ്.ഐ.മാരായ ഷാജു എടത്താടന്‍, സി.കെ. സുരേഷ്, എം.എസ്. പ്രദീപ്, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് കംപ്യൂട്ടര്‍ വിങ് എസ്.ഐ. ജോബി ജെ. ശങ്കുരിക്കല്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ. മുരുകേഷ് കടവത്ത്, സീനിയര്‍ സി.പി.ഒ.മാരായ വി.ആര്‍. രഞ്ജിത്, കെ.എം. സതീഷ്, ജിബിന്‍ വര്‍ഗീസ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

വിളിക്കുന്നതും സ്വീകരിക്കുന്നതും ലോക്കല്‍ നമ്പര്‍

തൃശ്ശൂര്‍: ഇന്ത്യയിലേക്ക് വിളിക്കാന്‍ വിദേശത്തെ ഒരു ലോക്കല്‍ നമ്പറായിരിക്കും സമാന്തര എക്‌സ്‌ചേഞ്ചിന്റെ നടത്തിപ്പുകാര്‍ നല്‍കുക. അന്താരാഷ്ട്ര കോളിന് ചെലവാകുന്നതിന്റെ പകുതി തുകയ്ക്ക് കോള്‍ ചെയ്യാമെന്നാണ് ഇവര്‍ പറയുന്നത്. പണം നല്‍കിക്കഴിയുമ്പോള്‍ ഒരു കോളിങ് കാര്‍ഡാണ് (നിയമവിരുദ്ധം) നല്‍കുക. ഇതിനൊപ്പം ഒരു പിന്‍ നമ്പറും കൊടുക്കും. പിന്‍ നമ്പറിന് നിശ്ചിത കാലപരിധിയുണ്ടാവും. അതുകഴിയുമ്പോള്‍ വീണ്ടും കോളിങ് കാര്‍ഡ് തേടി ചെല്ലേണ്ടിവരും. അതാണ് ഇത്തരക്കാരുടെ വരുമാനവും. ടെലികോം കമ്പനികള്‍ക്ക് ട്രാക്ക് ചെയ്യാന്‍ പറ്റാത്തവിധത്തിലുള്ള സംവിധാനത്തിലേക്ക് ലോക്കല്‍ കോളിനെ മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട കോളുകള്‍ നടന്നാലും അറിയില്ല.

സമാന്തര എക്‌സ്ചേഞ്ചില്‍ നടക്കുന്നത്

* വിദേശത്തെ ലോക്കല്‍ നമ്പറിലേക്ക് ആദ്യം വിളിക്കണം.

* ആ കോള്‍ അവിടത്തെ ഒരു സെര്‍വറിലേക്ക് കണക്ട് ചെയ്യും. കംപ്യൂട്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം കോളിങ് കാര്‍ഡിലെ നമ്പര്‍ ഡയല്‍ ചെയ്യണം.

* നാട്ടിലെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ ഇപ്പോഴായിരിക്കും പറയുക. ഇങ്ങനെ ഡയല്‍ ചെയ്യുമ്പോള്‍ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (വി.ഒ.ഐ.പി.) വഴി ഇന്റര്‍നെറ്റ് കോള്‍ ആയിമാറും. ഇത് നാട്ടിലെ വി.ഒ.ഐ.പി.യിലേക്ക് കൈമാറും. അതില്‍നിന്ന് നാട്ടിലെ ലോക്കല്‍ നമ്പറായി കോള്‍ മാറും. ഈ ലോക്കല്‍ നമ്പറാകും കോള്‍ സ്വീകരിക്കേണ്ട വ്യക്തിയുടെ ഫോണില്‍ തെളിയുക. പക്ഷേ, യഥാര്‍ഥത്തില്‍ കോള്‍ അന്താരാഷ്ട്രമായിരിക്കും.

* രണ്ട് രാജ്യങ്ങളിലെയും തട്ടിപ്പുകാര്‍ തമ്മില്‍ ബന്ധമില്ലെങ്കില്‍ സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കില്ല.

* നാട്ടിലെ ഫോണിലേക്ക് വരുന്ന ലോക്കല്‍ നമ്പറില്‍നിന്ന് മുമ്പ് ഏതെങ്കിലും തീവ്രവാദബന്ധമുള്ള കോളുകള്‍ പോയിട്ടുണ്ടെങ്കിലാണ് പുതിയ സ്വീകര്‍ത്താവ് കെണിയില്‍പ്പെടുക. പണം ലാഭിക്കാന്‍ നടത്തുന്ന ഈ ഇടപാട് ഒരുപക്ഷേ ജാമ്യമില്ലാക്കുറ്റത്തില്‍ വരെ എത്തിയേക്കാം.