കൊച്ചി: കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയില്‍നിന്ന് നാട്ടിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പോലീസ് വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിച്ചു. കൂടത്തായി കേസിലെ അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് റോജോ നാട്ടിലെത്തിയത്.  

പൊന്നാമറ്റം ടോം തോമസിന്റെ ഇളയമകനായ റോജോ അമേരിക്കയില്‍ സ്ഥിരതാമസമാണ്. റോജോ ജില്ലാ പോലീസ് മേധാവിക്കുനല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് കോടഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പുനരന്വേഷിച്ചത്.

ഇതിലാണ് പിതാവ് ടോം തോമസ്, മാതാവ് അന്നമ്മ, ജ്യോഷ്ടന്‍ റോയി തോമസ്, അമ്മാവന്‍ മാത്യു, പിതൃസഹോദരപുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരെ റോയിയുടെ ഭാര്യ ജോളി കൊലപ്പെടുത്തിയതായും സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കിയതായും കണ്ടെത്തിയത്.

കേസില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുന്നതിന് റോയിയോട് നാട്ടിലെത്താന്‍ അന്വേഷണോദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. വടകര എസ്.പി. ഓഫീസിലെത്തി അദ്ദേഹം മൊഴികൊടുക്കുമെന്നായിരുന്നു വിവരം. ഒരുപക്ഷേ അന്വേഷണസംഘം വൈക്കത്തെ വീട്ടിലെത്തിയാകും ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയെന്നും സൂചനയുണ്ട്. ഇതിനുശേഷം റോജോ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തും. 

Content Highlights: koodathai murder case; royi thomas's brother rojo thomas arrives in kochi