പത്തനംതിട്ട: കോന്നി പയ്യനാമണ്ണില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്ന് പോലീസ്. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. 

പയ്യനാമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, എട്ടുവയസ്സുകാരനായ മകന്‍ റയാന്‍ എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയിലാണ് കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സോണിയെ മറ്റൊരു മുറിയിലും മരിച്ചനിലയില്‍ കണ്ടെത്തി. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സോണിയുടെ സാമ്പത്തിക ബാധ്യതകളാകാം കൃത്യത്തിന് കാരണമായതെന്നും പോലീസ് കരുതുന്നു. 

നേരത്തെ വിദേശത്ത് ബിസിനസ് നടത്തിയിരുന്ന സോണിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. സമീപകാലത്താണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് താന്‍ കൊല്ലത്തേക്ക് പോവുകയാണെന്നും രണ്ടുദിവസം കഴിഞ്ഞേ മടങ്ങുകയുള്ളൂവെന്നും സോണി ഒരു ബന്ധുവിന് സന്ദേശമയച്ചിരുന്നു. അതിനാല്‍തന്നെ സോണിയെ പുറത്തുകാണാത്തതില്‍ ആര്‍ക്കും സംശയം തോന്നിയില്ല. എന്നാല്‍ മറ്റ് കുടുംബാംഗങ്ങളെയും പുറത്തുകാണാത്തതിനാല്‍ ബന്ധു വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് തുറന്നുകിടന്നിരുന്ന ജനാലയിലൂടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. 

സോണി അടുത്തിടെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. സോണി-റീന ദമ്പതിമാര്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന കുട്ടിയാണ് റയാന്‍. സംഭവമറിഞ്ഞ് നിരവധിപേരാണ് സോണിയുടെ വീടിന് സമീപം തടിച്ചുകൂടിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. 

Content Highlights : Three of a family found dead in Konni