അഞ്ചല്‍(കൊല്ലം): പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം യുവതിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി. ഏറം വെള്ളാശ്ശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്ര(25)യാണ് മരിച്ചത്. മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍വെച്ചാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്.

അതിന്റെ ചികിത്സ തുടരവേ മേയ് ഏഴിന് സ്വന്തം വീട്ടില്‍വെച്ച് ഭര്‍ത്താവിന്റെയൊപ്പം ഒരേ മുറിയില്‍ തങ്ങുമ്പോഴാണ് ഉത്രയ്ക്ക് വീണ്ടും പാമ്പുകടിയേറ്റത്. രാവിലെ ഉത്രയുടെ അമ്മ ചായയുമായി ചെന്നു വിളിച്ചപ്പോള്‍ മകള്‍ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്.

ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പാമ്പുകടിയേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇടതുകൈയില്‍ പാമ്പ് കടിച്ചതിന്റെ പാടും ഉണ്ടായിരുന്നു. വീട്ടിലെത്തി ഉത്രയും ഭര്‍ത്താവും കിടന്ന മുറി പരിശോധിച്ചപ്പോള്‍ മൂര്‍ഖനെ കണ്ടെത്തുകയും അതിനെ കൊല്ലുകയും ചെയ്തു.

രണ്ടുതവണ പാമ്പ് കടിച്ചത് യുവതി അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ആദ്യതവണ ഭര്‍ത്താവിന്റെ വീട്ടില്‍െവച്ച് ഉത്ര ബോധംെകട്ടുവീണപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. പരിശോധനയിലാണ് പാമ്പുകടിയേറ്റ വിവരമറിയുന്നത്. അണലിയാണ് കടിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട് പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. ഇതിന്റെ മുറിപ്പാടുകള്‍ ഉണങ്ങുംമുന്‍പേയാണ് രണ്ടാമത് മൂര്‍ഖന്റെ കടിയേറ്റ് ഉത്ര മരിച്ചത്.

രണ്ടാമത് പാമ്പുകടിയേറ്റ ദിവസം ദമ്പതിമാര്‍ എ.സി. മുറിയില്‍ രണ്ട് കട്ടിലിലാണ് കിടന്നത്. രാത്രി ഒന്‍പതരയ്ക്ക് ഉത്രയുടെ അമ്മ മുറിയുടെ ജനാലകള്‍ അടച്ചിരുന്നു.

പിന്നീട് ഭര്‍ത്താവ് സൂരജാണ് ജനാലകള്‍ തുറന്നിട്ടത്. ഭര്‍ത്താവും വീട്ടുകാരും കൂടുതല്‍ പണമാവശ്യപ്പെട്ട് ഉത്രയെ ശല്യംചെയ്തിരുന്നെന്നും ഇതുകാരണം മകളെ വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് ആദ്യം പാമ്പുകടിയേറ്റതെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

മുന്‍പ് ഭര്‍ത്തൃവീടിന്റെ മുകള്‍നിലയില്‍ ഒരു പാമ്പ് കിടക്കുന്നതുകണ്ട് ഉത്ര ബഹളംെവച്ചപ്പോള്‍ സൂരജ് അതിനെയെടുത്ത് ചാക്കിലാക്കിയെന്ന് മകള്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പാമ്പിനെ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുള്ളയാളാണ് സൂരജെന്ന സംശയം തോന്നാന്‍ കാരണമിതാണെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു.

മകളുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് രക്ഷിതാക്കള്‍ റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഹരിശങ്കറിന് പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന് പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. അശോക് കുമാറിനെ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും അഞ്ചല്‍ എസ്.ഐ. പുഷ്പകുമാറാണ് അന്വേഷിക്കുന്നതെന്നും സി.ഐ. സി.എല്‍.സുധീര്‍ പറഞ്ഞു.

Content Highlights: kollam woman uthra snake bite death anchal; crime branch investigation