ഓയൂര്‍(കൊല്ലം): പൂയപ്പള്ളി മരുതമണ്‍പള്ളിയില്‍ വിധവയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് തെങ്കാശി സ്വദേശി ശങ്കര്‍ (32) അറസ്റ്റിലായി. പറണ്ടയില്‍ ചരുവിളവീട്ടില്‍ ശാന്ത(60)യെയാണ് കഴിഞ്ഞദിവസം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഏഴിന് രാത്രിയായിരുന്നു സംഭവം. പോലീസ് പറയുന്നത്: പുനലൂര്‍ ചാലിയക്കര എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ശങ്കറിന്റെ മാതാപിതാക്കള്‍. ഇവരുടെ മരണശേഷം എസ്റ്റേറ്റ് ലയത്തില്‍നിന്നു പുറത്തായ ശങ്കര്‍ ശാന്തയുടെ മൂത്ത സഹോദരി ഓമനയ്‌ക്കൊപ്പം പുനലൂര്‍ ഐക്കരക്കോണത്ത് താമസിച്ചിരുന്നു. അവിടെവെച്ചാണ് ശാന്തയുമായി പരിചയത്തിലാകുന്നത്. ഒരുവര്‍ഷംമുന്‍പ് ഓമന മരിച്ചതോടെ താമസസ്ഥലം നഷ്ടമായ ശങ്കര്‍ കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. ശാന്ത പൂയപ്പള്ളി പറണ്ടയില്‍ ബധിരയും മൂകയുമായ സഹോദരി പൊടിച്ചിക്കൊപ്പമാണ് താമസിച്ചിരുന്നത്. ആക്രിപെറുക്കി ജീവിച്ചിരുന്ന ഇവര്‍ സമീപത്തെ റബ്ബര്‍ പുരയിടങ്ങളില്‍നിന്നു ശേഖരിച്ച കളപ്പയറിന്റെ വിത്തുകള്‍ വില്‍ക്കുന്നതിനായി പുനലൂരില്‍ പോയിരുന്നു. അവിടൈവച്ച് ശങ്കറിനെ കണ്ടപ്പോള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
സംഭവദിവസം പ്രതി ശാന്തയ്‌ക്കൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചു. ഇതിനിടെ ഇരുവരുംതമ്മില്‍ മുന്‍പ് ശങ്കര്‍ കടംവാങ്ങിയ പണത്തെച്ചൊല്ലി വാക്കേറ്റവും അടിപിടിയുമായി. ശാന്ത ഭിത്തിയില്‍ തലയിടിച്ചുവീണു. ഇതിനിടെ തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വെളുപ്പിന് അഞ്ചുമണിയോടെ ശങ്കര്‍ അവിടെനിന്നിറങ്ങി നടന്ന് കൊട്ടാരക്കരയിലെത്തുകയും ബസില്‍ പുനലൂരിലേക്ക് പോവുകയും ചെയ്തു.
പോലീസ് പുനലൂരിലെത്തി നടത്തിയ അന്വേഷണത്തിനൊടുവില്‍ ബാറില്‍ മദ്യപിക്കാനെത്തിയ ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
ഡിവൈ.എസ്.പി. അശോകന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിലെ എസ്.ഐ.മാരായ ശിവശങ്കരപ്പിള്ള, അജയകുമാര്‍, അനില്‍കുമാര്‍, രാധാകൃഷ്ണപിള്ള, എസ്.സി.പി.ഒ. ബിജോ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി പൂയപ്പള്ളി പോലീസിന് കൈമാറി.
Content Highlights: kollam woman murder tamilnadu native arrested by police